ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ആറ് പ്രദർശനങ്ങള്‍ വരെ നടത്താൻ അനുമതി. രാവിലെ ആറിന് ആരംഭിച്ച് പുലർച്ചെ 2.30 വരെ ഷോകള്‍ നടത്താം. മുഖ്യമന്ത്രി ജോസഫ് വിജയ് അംഗീകരിച്ച തീരുമാനത്തോടെ നേരത്തെയുള്ള പ്രദർശനങ്ങള്‍ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് തിയറ്റർ ഉടമകളും സിനിമാ ആരാധകരും.
സിനിമാ മേഖലയിലെ പ്രതിനിധികളും സംസ്ഥാന മന്ത്രിമാരും തമ്മില്‍ നടത്തിയ ചർച്ചകള്‍ക്കു പിന്നാലെയാണ് സർക്കാർ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. 1957ലെ തമിഴ്‌നാട് സിനിമാസ് റെഗുലേഷൻ ചട്ടപ്രകാരം ഒരു ദിവസം പരമാവധി നാല് ഷോകള്‍ക്കായിരുന്നു അനുമതി. പിന്നീട് റിലീസ് ആഴ്ചകളിലും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും അഞ്ചാമത്തെ ഷോ അനുവദിച്ചിരുന്നെങ്കിലും ഓരോ തവണയും പ്രത്യേക അനുമതിക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ ഭേദഗതിയോടെ റിലീസ് ആഴ്ച, വാരാന്ത്യങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, പൊതു അവധി ദിവസങ്ങള്‍ എന്നിവയില്‍ ആറ് ഷോകള്‍ വരെ നടത്താം.
പുലർച്ചെയുള്ള പ്രദർശനങ്ങള്‍ തിരിച്ചെത്തുന്നതോടെ സുരക്ഷാ ആശങ്കകളും വീണ്ടും ചർച്ചയാകുന്നുണ്ട്. നടൻ അജിത്തിന്റെ ‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ 2023ല്‍ ആരാധകൻ മരിച്ചതിനെത്തുടർന്നാണ് അന്നത്തെ എം.കെ. സ്റ്റാലിൻ സർക്കാർ പുലർച്ചെയുള്ള ഷോകള്‍ക്ക് വിലക്കേർപ്പെടുത്തിയത്. സിനിമ കാണാൻ പോകുന്നതിനിടെ ട്രക്കില്‍നിന്ന് വീണാണ് ആരാധകൻ മരിച്ചത്. പുതിയ സർക്കാർ നിയന്ത്രണങ്ങള്‍ പിൻവലിച്ചതോടെ തിയറ്ററുകള്‍ക്ക് മുന്നിലെ ആരാധകത്തിരക്കും ആഘോഷങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉയരുന്നുണ്ട്.
ഷോകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം ടിക്കറ്റ് നിരക്കിലെ നിയന്ത്രണത്തിലും ഇളവ് വേണമെന്നാണ് തിയറ്റർ ഉടമകളുടെ ആവശ്യം. നിലവിലുള്ള 180 രൂപയുടെ പരമാവധി ടിക്കറ്റ് നിരക്ക് 250 മുതല്‍ 350 രൂപ വരെയാക്കാൻ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാൻ സർക്കാരുമായി പ്രതിമാസ ചർച്ചകള്‍ നടത്താനും സിനിമാ മേഖലയിലെ പ്രതിനിധികള്‍ ആലോചിക്കുന്നുണ്ട്.
SUMMARY: Early-morning shows return to theatres in Tamil Nadu; government grants permission















