കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്സണ് കെ. വർഗീസ് വിദേശത്തേക്ക് കടന്നതായി സംശയം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയ പോലീസ് ശനിയാഴ്ച തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ പ്രതികളായ ബ്ലാക്ക്മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ.
എന്നാല്‍, നടിയുടെ ബന്ധുവിന്റെ പരാതിയിലാണ് കഴിഞ്ഞദിവസം ഇയാള്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തത്. ഡോക്ടറുടെ ഫോണില്‍നിന്ന് 12 യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ബ്ലാക്ക്മെയിലിങ് കേസില്‍ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ ഇന്ന് കടവന്ത്ര പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേർ പിടിയിലാകാനുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പീഡനത്തിനിരയായ യുവതിയുടെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തും. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ കവർന്നെടുത്ത് പോലീസിന് കൈമാറിയത് ഇവരാണെന്നാണ് വിവരം. ഫോണ്‍ എങ്ങനെ ഇവരുടെ കൈവശമെത്തിയെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് മൊഴിയെടുക്കുന്നത്. ഈ ഫോണ്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് യുവതി ഇൻഫോപാർക്ക് പോലീസില്‍ പരാതി നല്‍കിയത്.
SUMMARY: Sexual harassment complaint; Dr. Johnson K. Varghese suspected to have fled abroad















