എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഇന്നലെ രാത്രിയോടെയാണ് സിനിമാ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടത്. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കാക്കനാടുള്ള സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫെഫ്ക യൂണിയനും കുടുംബാംഗങ്ങളും ചേർന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായാണ് ഷാജി കുമാർ സിനിമാ ജീവിതം ആരംഭിച്ചത്. തുടക്കത്തിൽ നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. പിന്നീട് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ ഷാജി കുമാർ മലയാളത്തിലെ വൈവിധ്യമാർന്ന സിനിമകളുടെ ദൃശ്യാവിഷ്കാരത്തിൽ നിർണായക പങ്കുവഹിച്ചു. 2001ൽ അനിൽ ബാബു സംവിധാനം ചെയ്ത ‘ഉത്തമൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 50ൽ ഏറെ സിനിമകൾക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു. വാൽക്കണ്ണാടി, വെള്ളിനക്ഷത്രം, അദ്ഭുതദ്വീപ്, ബാബ കല്യാണി, പോക്കിരി രാജ, സീനിയേഴ്സ്, മല്ലൂസിങ്, രാജാധിരാജ തുടങ്ങി മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ വലിയൊരു നിര തന്നെ അദ്ദേഹത്തിൻ്റെ പേരിലുണ്ട്. ജോഷി, ഷാജി കൈലാസ്, വൈശാഖ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ഇഷ്ട ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
മോഹൻലാൽ നായകനായ പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ദൃശ്യമികവിന് പിന്നിൽ ഷാജി കുമാറായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഒരുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ പകർത്താനുള്ള കഴിവ് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധിക്കപ്പെടുവാൻ വഴിയൊരുക്കി. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രധാന ചിത്രം. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ, മോഹൻലാലിൻ്റെ അതിമനോഹരം, ദിലീപ് നായകനാകുന്ന പുതിയ ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.
SUMMARY: Noted cinematographer Shaji Kumar passes away; The cameraman of mass films in Malayalam cinema passed away















