ബെംഗളൂരു: രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ കാണാതായിരുന്ന അവസാന രണ്ട് പേരുടെയും മൃതദേഹങ്ങൾ കൂടി പോലീസ് കണ്ടെത്തി. ഇതോടെ കേസിലെ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ബെംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബി.എസ്. നാഗമൗഡ് അറിയിച്ചു.
തിങ്കളാഴ്ച ഷിരാഡി ഘട്ടിലെ വനമേഖലയിൽനിന്നാണ് അവസാന രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശങ്കർ, നളിനി എന്നിവരുടേതാണ് കണ്ടെത്തിയ മൃതദേഹങ്ങളെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിൽനിന്നുള്ള പോലീസ് സംഘം പ്രതി ഇന്ദുശേഖറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയതോടെ കർണാടകയിലും തമിഴ്‌നാട്ടിലുമായി നീണ്ട തിരച്ചിൽ അവസാനിച്ചു. കേസിൽ കൊല്ലപ്പെട്ട ഏഴ് പേരുടെ മൃതദേഹങ്ങൾ നാല് വ്യത്യസ്ത സ്ഥലങ്ങളിൽനിന്നാണ് കണ്ടെത്തിയത്.
ബെംഗളൂരു രാജാജിനഗർ ശ്രീരാംപുരത്ത് താമസിക്കുന്ന ഇന്ദുശേഖറും കുടുംബവും തമ്മിൽ ദീർഘകാലമായി കുടുംബപരമായ പ്രശ്നങ്ങളും വഴക്കുകളും നിലനിന്നിരുന്നു. ഭാര്യയുടെ വീട്ടുകാർ തന്നെ അവഗണിക്കുന്നുവെന്നും മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നുമാരോപിച്ചാണ് പ്രതി ഈ കൊലപാതക പരമ്പര ആസൂത്രണം ചെയ്തത്. നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്. നളിനിയുടെ മാതാവ് തുങ്കമ്മ നൽകിയ തിരോധാന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പരമ്പര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. നളിനിയെയും ഭർത്താവ് ശങ്കറിനെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടാക്സി ഡ്രൈവറായ ഇന്ദുശേഖറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. പിന്നീട് കേസ് കൊലപാതകക്കേസായി രജാജിനഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് ഏഴ് കൊലപാതകങ്ങളും പ്രതി നടത്തിയത്.
SUMMARY: Bengaluru Massacre: Dead bodies of seven found















