ബെംഗളൂരു: സംസ്ഥാനത്ത് പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലയും ബസ് യാത്രാനിരക്കും വർധിപ്പിച്ചതിനെതിരെ ബി.ജെ.പി. ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രതിഷേധ പരിപാടി.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പാർട്ടിയുടെ എം.എൽ.എമാർ, എം.പിമാർ, എം.എൽ.സി.മാർ, മുൻ ജനപ്രതിനിധികൾ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വിലവർധന പിൻവലിക്കണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം.
പാൽവില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചതായും വിവിധ പാൽ ഉൽപ്പന്നങ്ങളുടെ വിലയിൽ 12 മുതൽ 13 രൂപ വരെ വർധനയുണ്ടായതായും വിജയേന്ദ്ര ആരോപിച്ചു. നെയ്യിന്റെ വില കിലോഗ്രാമിന് 180 രൂപയും തൈരിന്റെ വില 14 രൂപയും വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീരകർഷകർക്ക് നൽകുന്ന അധിക ആനുകൂല്യത്തിന്റെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബസ് യാത്രാനിരക്ക് വർധിപ്പിച്ചതും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നതായി ബി.ജെ.പി. ആരോപിച്ചു. ശക്‌തി പദ്ധതിയുമായി ബന്ധപ്പെട്ട കുടിശ്ശിക കാരണം സംസ്ഥാനത്തെ ഗതാഗത കോർപ്പറേഷനുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് ബസ് സർവീസുകളെ ബാധിക്കുന്നുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു.
ഫ്രീഡം പാർക്കിലെ പ്രതിഷേധത്തിന് പിന്നാലെ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി. നേതൃത്വം അറിയിച്ചു.
SUMMARY: BJP to protest against price hikes today; demonstration at Freedom Park from 10 AM.
















