ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 51 പേർക്ക് കണ്ണിന് പരുക്കേറ്റു. നവംബർ ഏഴ് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ നഗരത്തിലെ പ്രധാന നേത്രചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സ തേടിയവരുടെ കണക്കാണിത്.
മിന്റോ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും നാരായണ നേത്രാലയയിലുമാണ് പരിക്കേറ്റവർ ചികിത്സ തേടിയത്. പടക്കം പൊട്ടിച്ചവർക്കു പുറമെ സമീപത്തുനിന്ന് കാഴ്ചക്കാരായി നിന്നവർക്കും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്. ഒരാൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്.
പടക്കങ്ങളിൽനിന്നുള്ള തീപ്പൊരികൾ കണ്ണിൽ പതിച്ചതും പൊട്ടിത്തെറിയുടെ ആഘാതത്തിൽ കണ്ണിന് പരിക്കേറ്റതുമാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. ദീപാവലി സമയത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി നേത്രരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പടക്കം പൊട്ടിക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടത്തിലല്ലാതെ പടക്കം കൈകാര്യം ചെയ്യാൻ അനുവദിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കണ്ണിന് പരിക്കേറ്റാൽ സ്വയം ചികിത്സ നടത്താതെ ഉടൻ നേത്രചികിത്സ തേടണമെന്നും നിർദേശമുണ്ട്.
SUMMARY: Diwali celebration; 51 people have eye injuries in Bengaluru firework accidents















