ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു പിടികൂടി. കുനിഗൽ ബണ്ടിഗൗടനപാളയ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമവാസിയായ ചിക്കമോരിയപ്പയും ഭാര്യ നരസമ്മയും രാത്രിയിൽ വീട്ടിനുള്ളിലിരുന്ന് ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പുലി വീടിനുള്ളിലേക്ക് നുഴഞ്ഞുകയറിയത്. വീടിനുള്ളിലേക്ക് കയറുന്നതിന് മുൻപ് ഇവർ മുറ്റത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയിരുന്നു.
വീടിനുള്ളിൽ പുലിയെ കണ്ട ഉടൻ തന്നെ ദമ്പതികൾ ഭയന്നുപോയെങ്കിലും സമയോചിതമായി പുറത്തേക്ക് ഓടിരക്ഷപ്പെടുകയും വാതിലടച്ച് തങ്ങളെത്തന്നെ സുരക്ഷിതമാക്കുകയും ചെയ്തു. തുടർന്ന് പുലി കട്ടിലിനടിയിൽ ഒളിക്കുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ആറ് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടവിലാണ് പുലിയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടിയത്.
ജനവാസ മേഖലയിൽ പുലി ഇറങ്ങിയത് പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നെങ്കിലും, കൃത്യസമയത്ത് ഉദ്യോഗസ്ഥർ ഇടപെട്ട് പുലിയെ പിടികൂടിയത് വലിയൊരു ദുരന്തം ഒഴിവാക്കി.
SUMMARY: A leopard that entered a house and hid under a cot was captured after being tranquilized.
















