ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ബെംഗളൂരു മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഇംഗ്ലീഷ് പ്രൈമറി ആൻഡ് ഹൈസ്കൂളിലെ വിദ്യാർഥികൾ. പ്രധാനമന്ത്രി വെർച്വലായി നിർവഹിച്ച ഫ്ലാഗ് ഓഫ് ചടങ്ങിനാണ് സാക്ഷികളാകാൻ വിദ്യാർത്ഥികൾക്ക് സാധിച്ചത്. ഉദ്ഘാടന ദിനത്തിൽ വന്ദേ ഭാരത് എക്സ്പ്രസിൽ ഒരു ചെറിയ ദൂരം യാത്ര ചെയ്യാനുള്ള അപൂർവ അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു.

ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ അതിവേഗ ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആവേശവും പ്രൗഢിയും നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞത് അവർക്ക് ഏറെ സന്തോഷകരമായ അനുഭവമായി. മന്ത്രിമാരെ നേരിൽ കാണാനും മാധ്യമപ്രവർത്തകരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. മാധ്യമപ്രവർത്തകരുമായുള്ള അവരുടെ സംഭാഷണങ്ങളും സന്തോഷം നിറഞ്ഞ മുഖങ്ങളും തത്സമയ ടെലിവിഷൻ വാർത്താ സംപ്രേഷണങ്ങളിൽ ഇടംപിടിച്ചത് ഈ അനുഭവത്തിന് കൂടുതൽ മിഴിവേകി.
വിദ്യാർഥികളുടെ മുഖങ്ങളിൽ പ്രതിഫലിച്ച സന്തോഷവും കൗതുകവും ആവേശവും ആ അനുഭവത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു ട്രെയിൻ യാത്ര മാത്രമായിരുന്നില്ല; മറിച്ച്, ചരിത്രപ്രധാനമായ ഒരു റെയിൽവേ ചടങ്ങിന് സാക്ഷികളാകാനും പുതിയ അറിവുകൾ നേടാനും ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാവുന്ന മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള സവിശേഷ അവസരമായിരുന്നു.
കർണാടക നായർ സർവീസ് സൊസൈറ്റി (കെഎൻഎസ്എസ്) കീഴിൽ കമ്മനഹള്ളി ആർ എസ് പാളയത്ത് പ്രവർത്തിക്കുന്ന എംഎംഇടി ഹൈസ്കൂളിൽ ആയിരത്തിന് മുകളിൽ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മന്നം മെമ്മോറിയൽ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനാണ് ആണ് ഹൈസ്കൂളിന്റെ നടത്തിപ്പ് ചുമതല.
















