ഡൽഹി: മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വ്യാപക സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങള്‍ വെള്ളിയാഴ്ച റദ്ദാക്കി. രണ്ട് വിമാനങ്ങള്‍ വൈകുകയും ചെയ്തു. മറ്റ് വിമാനക്കമ്പനികള്‍ ഇതുവരെ സർവീസുകളെ ബാധിച്ച തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍നിന്ന് പൂനെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍നിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ വൈകിയതായും റിപ്പോർട്ടുണ്ട്. മൈക്രോസോഫ്റ്റ് തകരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ ആശയവിനിമയ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ട്.
യാത്രക്കാരുടെ ഇമെയിലുകള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഇമെയില്‍ ട്രാഫിക് താല്‍ക്കാലികമായി മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും എയർ ഇന്ത്യ വ്യക്തമാക്കി. സാധാരണ 24 മണിക്കൂറിനുള്ളില്‍ ഇമെയിലുകള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികളും യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമത്തിലും മറ്റ് വിവരങ്ങളിലും മാറ്റമുണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നാണ് നിർദേശം. ഡല്‍ഹി വിമാനത്താവളവും യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
SUMMARY: Microsoft outage: SpiceJet cancels 3 flights from Delhi














