കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്സ്പ്രസിൽ കയറിയ കുടുംബത്തിന് 36,140 രൂപ പിഴ. നവംബർ 15 ന് വാരണാസി-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിട്ടത്. 12 പേരടങ്ങുന്ന കുടുംബം ട്രെയിനിൽ കയറിയപ്പോൾ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതിനെ തുടർന്ന് അകത്ത് കുടുങ്ങുകയായിരുന്നു.
രാവിലെ 9.26ന് കാൺപുരിൽ എത്തിയ വന്ദേഭാരത് ട്രെയിൻ 9.30നാണ് സ്റ്റേഷൻ വിട്ടത്. ഈ സമയം ബന്ധുവിനൊപ്പം ട്രെയിനുള്ളിൽ കയറിയ 12 പേർ തിരിച്ചിറങ്ങാനാകാതെ കുടുങ്ങി. താനെ അടയുന്ന യന്ത്രവാതിലുകൾ ഉള്ളതിനാൽ ട്രെയിൻ എടുത്താൽ പിന്നെ വന്ദേഭാരതിൽ നിന്ന് ഇറങ്ങാൻ കഴിയില്ല. തുടർന്ന് യാത്രക്കാരന്റെ ബന്ധുക്കൾ ട്രെയിനുള്ളിൽ ബഹളം ഉണ്ടാക്കുകയും വാതിലുകൾ തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഈ സമയം ട്രെയിൻ വേഗത കൈവരിച്ച് യാത്ര തുടങ്ങിയിരുന്നു. ബഹളത്തിനൊടുവിൽ വന്ദേഭാരതിനു സ്റ്റോപ് ഇല്ലാത്ത ഇറ്റാവ സ്റ്റേഷനിൽ 10:49ഓടെ നിർത്തി, 12 പേരെയും പുറത്തിറക്കി.
റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ഇവർ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് ബന്ധുവിനെ യാത്രയാക്കാൻ എത്തിയതെന്ന് കണ്ടെത്തി. യാത്രാടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ എടുക്കാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിനും വന്ദേഭാരതിൽ കയറിയതിനും ഓരോരുത്തർക്കും 3000 രൂപ വീതം ആകെ 36000 രൂപ റെയിൽവേ പിഴയിട്ടു.
വന്ദേഭാരത് ട്രെയിനുകൾക്ക് ഓട്ടോമാറ്റിക് വാതിലുകളാണെന്നും അനുമതിയില്ലാതെ ആളുകൾ കോച്ചുകളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വാതിലുകൾ അടയുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് കേട്ടാലുടൻ യാത്രയാക്കാൻ കയറിയവർ ഇറങ്ങണമെന്നും അല്ലാത്തപക്ഷം യാത്രാക്കൂലിയും പിഴയും നൽകേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു.
SUMMARY: Came to see off relatives on the Vande Bharat; got trapped inside, Railways imposes a fine of Rs 36,000.















