ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേഷ് ചതുർവേദി ന്യൂഡൽഹിയിൽ ദേശീയ കായിക ബോർഡിന്റെ (National Sports Board – NSB) പ്രഥമ അധ്യക്ഷനായി ചുമതലയേറ്റു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS) മുൻ സി.ഇ.ഒ ആയിരുന്ന കമാൻഡർ (റിട്ട.) പുഷ്പേന്ദ്ര കുമാർ ഗാർഗ് ബോർഡ് അംഗമായും ഇതോടൊപ്പം ചുമതലയേറ്റു.
ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ അധ്യക്ഷനായ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിയമനം. മൂന്ന് വർഷത്തേക്കാണ് അധ്യക്ഷന്റെയും അംഗത്തിന്റെയും കാലാവധി.
1989 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ദേവേഷ് ചതുർവേദി. 2026 ഫെബ്രുവരിയിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഐ.ഐ.ടി കാൺപൂർ, ഐ.ഐ.ടി ഡൽഹി, ഐ.ഐ.എം ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
2025-ലെ ദേശീയ കായിക ഭരണ നിയമം (National Sports Governance Act, 2025) പ്രകാരമാണ് ദേശീയ കായിക ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ദേശീയ കായിക ഫെഡറേഷനുകൾക്ക് (NSFs) അംഗീകാരം നൽകാനും, തിരഞ്ഞെടുപ്പ് ക്രമക്കേടുകളോ സാമ്പത്തിക തിരിമറികളോ കണ്ടെത്തിയാൽ അംഗീകാരം റദ്ദാക്കാനും ബോർഡിന് അധികാരമുണ്ട്.
ദേവേഷ് ചതുർവേദിയുടെയും പുഷ്പേന്ദ്ര കുമാർ ഗാർഗിന്റെയും നിയമനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയിട്ടുണ്ട്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ കായിക ഫെഡറേഷനുകളുടെ അംഗീകാരവും ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതിയ ബോർഡിന്റെ തീരുമാനങ്ങൾ നിർണായകമാകും.
SUMMARY: Devesh Chaturvedi took charge as the President of the National Sports Board
















