മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. സൈനിക താവളത്തിലെ റഡാർ സംവിധാനം തകർത്തെന്നും ഇറാൻ അറിയിച്ചു. ബഹ്റൈനെതിരായ ആക്രമണങ്ങളെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി. അടുത്ത ദിവസങ്ങളിലായി ബഹ്‌റൈനിലെ യുഎസ് റഡാർ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ നടത്തിയതായി അവകാശപ്പെടുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്.
മേഖലയിലെ യുഎസ് സേനയുടെ ശത്രുതാപരമായ നീക്കങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഐആർജിസി വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സംവിധാനമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ബഹ്‌റൈൻ തലസ്ഥാനമായ മനാമയില്‍ സ്ഫോടനശബ്ദങ്ങള്‍ കേട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഇതിന് പിന്നാലെ മൊബൈല്‍ ഫോണുകളില്‍ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു.
അപകടസാധ്യതയുണ്ടെന്നും സമീപത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് നിർദേശം നല്‍കി. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി അറിയിച്ച് മന്ത്രാലയം ‘ഓള്‍ ക്ലിയർ’ സന്ദേശവും പുറപ്പെടുവിച്ചു. ഞായറാഴ്ചയും ബഹ്‌റൈനിലെ റിഫാ വ്യോമതാവളത്തിലുള്ള യുഎസ് വ്യോമപ്രതിരോധ റഡാർ സംവിധാനത്തിന് നേരെ ആറ് ഡ്രോണുകള്‍ വിക്ഷേപിച്ചതായി ഐആർജിസി അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ ശത്രുതാപരമായ നടപടികള്‍ക്കുള്ള മറുപടിയായാണ് ആക്രമണമെന്നായിരുന്നു ഇറാന്റെ വിശദീകരണം.
SUMMARY: Another Iranian drone attack in Bahrain: Air defense system intercepts it















