ബെംഗളൂരു: കൊറമംഗലയിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു. ശിവകുമാറാണ് (29) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് നവീനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് കൊലപാതകത്തിലേക്ക് നയിച്ച തർക്കമുണ്ടായത്. ജക്കസന്ദ്രയിൽ താമസിച്ചിരുന്ന റാപിഡോ ജീവനക്കാരായിരുന്ന ശിവകുമാറും നവീനും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം പിന്നീട് രൂക്ഷമാവുകയും നവീൻ ശിവകുമാറിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഗുരുതരമായി പരിക്കേറ്റ ശിവകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കൊരമംഗല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയായ നവീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നോ, കൊലപാതകം ആസൂത്രിതമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
SUMMARY: Rapido bike taxi worker stabbed to death in Koramangala















