ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗലയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സപ്തഗിരി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികളായ ജാനവി (19), വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ആറുമണിയോടെ ഗുഡെമാരനഹള്ളിക്ക് സമീപമായിരുന്നു അപകടം. കോളേജിന്റെ സാമൂഹിക സേവന പരിപാടിയുടെ ഭാഗമായി ഹുത്രിദുർഗയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികൾ. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജാനവിയും വൈഷ്ണവിയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുടുരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പരിശോധന നടത്തിവരികയാണ്.
SUMMARY: Two engineering students died after their car hit a tree in Nelamangala; four others sustained injuries.















