ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. ഏകദേശം 15 വർഷമായി നീണ്ടുനിന്ന നിർമാണപ്രതിസന്ധികൾക്കും ഭൂമിയേറ്റെടുക്കൽ തടസ്സങ്ങൾക്കും ശേഷമാണ് പദ്ധതി പൂർത്തിയാകുന്നത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉച്ചയ്ക്ക് 12 മണിക്ക് മേൽപ്പാലം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഗെദ്ദലഹള്ളി റെയിൽവേ വെന്റും ഉദ്ഘാടനം ചെയ്യും.
ജക്കൂർ റെയിൽവേ മേൽപ്പാലത്തിന് 443 മീറ്റർ നീളവും നാല് വരികളുമുണ്ട്. 2011-ൽ സൗത്ത് വെസ്റ്റേൺ റെയിൽവേ ആരംഭിച്ച നിർമാണം ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങളെ തുടർന്ന് 2014-ൽ നിലച്ചു. ആവശ്യമായ 48 സ്ഥലങ്ങളിൽ 33 എണ്ണം ആദ്യഘട്ടത്തിൽ ഏറ്റെടുത്തെങ്കിലും ശേഷിച്ച ഭൂമിയുടെ ലഭ്യതക്കുറവ് നിർമാണം വൈകിപ്പിച്ചു.
2024-ൽ ബിബിഎംപി പുതിയ നിർമാണ ഉത്തരവ് നൽകിയതോടെയാണ് ശേഷിച്ച പ്രവൃത്തികൾ വീണ്ടും പുരോഗമിച്ചത്. ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷനാണ് അവസാനഘട്ട നിർമാണം പൂർത്തിയാക്കിയത്.
മേൽപ്പാലം തുറക്കുന്നതോടെ ജക്കൂറിനും യെലഹങ്കയ്ക്കും ഇടയിലെ റെയിൽവേ ക്രോസിങ്ങിലെ ഗതാഗതക്കുരുക്ക് കുറയും. യെലഹങ്ക, ഹെബ്ബാൾ, തണിസന്ദ്ര, കൊഗിലു, ബള്ളാരി റോഡ് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കുറയ്ക്കാനും 15 മിനിറ്റോളം യാത്രാസമയം ലാഭിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന ഗെദ്ദലഹള്ളി പ്രദേശത്തെ പ്രശ്നത്തിന് പരിഹാരമായാണ് റെയിൽവേ വെന്റ് നിർമിച്ചത്. നിലവിലുണ്ടായിരുന്ന രണ്ട് വെന്റുകൾക്ക് പുറമെ രണ്ട് പുതിയ വെന്റുകളും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഹെബ്ബാൾ, യെലഹങ്ക തടാകങ്ങളിൽനിന്നുള്ള മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ ഇതിലൂടെ സൗകര്യമൊരുങ്ങും. സായി ലേഔട്ട് ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലെ വെള്ളക്കെട്ട് കുറയ്ക്കുകയാണ് ലക്ഷ്യം.
അതേസമയം, കിഴക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള 436.45 കോടി രൂപയുടെ ഐ.ഒ.സി. ജങ്ഷൻ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവർ പദ്ധതിക്കും ഇന്ന് തറക്കല്ലിടും. ബാനസ്വാഡി റോഡ്, കാമനഹള്ളി, ഓൾഡ് മദ്രാസ് റോഡ്, മാരുതി സേവാനഗർ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന നാല് വരി മേൽപ്പാലമാണ് നിർമിക്കുക. ബയ്യപ്പനഹള്ളി റെയിൽവേ മേൽപ്പാലം രണ്ട് വരിയിൽനിന്ന് നാല് വരിയാക്കി വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
After years of overcoming land acquisition and coordination challenges, the Jakkur Railway Overbridge is ready for public use.
A long-awaited infrastructure project delivered through sustained effort and coordination, to build a better-connected #BetterBengaluru. https://t.co/dMYpCSdpwD
— Krishna Byre Gowda (@krishnabgowda) November 18, 2026
ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് 24 മാസമാണ് നിർമാണ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ഐ.ഒ.സി. ജങ്ഷനിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: End to a 15-year wait; Jakkur railway overbridge to open today
















