ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളിലെയും ജീവനക്കാര്‍ നടത്തിയ പ്രതിഷേധം വിവിധ ഭരണകാര്യങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു.
ഒഴിവുള്ള തസ്തികകൾ നികത്തുക, സ്ഥാനക്കയറ്റം അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, സ്ഥലംമാറ്റ നടപടികൾ സുതാര്യമാക്കുക, ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ. നഗരസഭകളിൽ ഏകദേശം 3,800 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും ഇവ അടിയന്തരമായി നികത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നഗരത്തിലെ ടൗൺ ഹാളിൽ പ്രതിഷേധവും സംഘടിപ്പിച്ചു. ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന സേവന-വേതന പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ നിലപാട്.
ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം അവസാനത്തോടെ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ കൂട്ട അവധി നഗരസഭാ സേവനങ്ങളെയും ഭരണപരമായ നടപടികളെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
SUMMARY: Bengaluru municipal employees go on mass leave over various demands; operations disrupted.
















