ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 24 പഞ്ചായത്തുകളിൽ കോൺഗ്രസ് വൻ ലീഡ്. എട്ട് സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. 419 പഞ്ചായത്ത് സമിതികളിൽ 177 സീറ്റുകളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്ക് 81 സീറ്റുകൾ സുരക്ഷിതമാക്കാൻ സാധിച്ചു. സംസ്ഥാനത്തെ 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
ചുരു, ഭരത്പൂർ അടക്കം ബിജെപിയുടെ നിരവധി പ്രാദേശിക പോക്കറ്റുകളിൽ കടന്നുകയറാൻ കോൺഗ്രസിന് സാധിച്ചു. ചുരുവിൽ കോൺഗ്രസ് 21 ജില്ലാ പഞ്ചായത്ത് സീറ്റുകൾ നേടി. ഇവിടെ 17 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഭരത്പൂരിൽ കോൺഗ്രസ് 21 സീറ്റുകൾ നേടി മുന്നിലെത്തിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 9 സീറ്റുകൾ മാത്രമാണ്. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടി സ്ഥാനത്ത് എത്തിയ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അഭിമുഖീകരിക്കേണ്ടി വന്നത്.
പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച നഗരവികസന മന്ത്രി ഝബർ സിങ് ഖാരയുടെ ഭാര്യയും മകനും മകളും തോറ്റു. സിക്കാർ ജില്ലയിലെ ശ്രീമധോപുരിലെ 17-ാം വാർഡിൽ മത്സരിച്ച മന്ത്രിയുടെ ഭാര്യ ശാന്തി ദേവി 51 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റു. മന്ത്രിയുടെ മകളായ ദുർഗ സിങ്, അജയ് സിങ് എന്നിവരും തോറ്റു. ഉദയ്പുർ ജില്ലയിലെ ഋഷഭദേവ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച മുൻ ബിജെപി എംഎൽഎ നാനാലാൽ അഹാരിയുടെ മകൻ സോനുവും പരാജയപ്പെട്ടു. ജയ്പൂരിൽ നിലവിലെ ബി.ജെ.പി ജില്ലാ അധ്യക്ഷൻ രാമ ചോപ്രയും കോൺഗ്രസ് ഉപാധ്യക്ഷൻ മോഹൻ ഡാഗറും പരാജയപ്പെട്ടു.
നിലവിൽ ബിജെപിയാണ് രാജസ്ഥാനിൽ ഭരണത്തിലുള്ളത്. 2028 രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജ്ജം പകരുന്നതാണ് നിലവിലെ ട്രെൻഡ്. പഞ്ചായത്ത് സമിതികളിൽ ലീഡിൽ നിൽക്കുന്ന 56 സ്വതന്ത്രരുടെ നിലപാട് ഇത്തവണ നിർണായകമായേക്കും.
ഹനുമാന്‍ ബെനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും (ആര്‍എല്‍പി) ഇത്തവണ ഏറെ നേട്ടമുണ്ടാക്കി. മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ പ്രതിനിധീകരിക്കുന്ന സംഗനേര്‍ നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി ആര്‍എല്‍പി മുന്നിലെത്തി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും ആര്‍എല്‍പി നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. സിപിഐഎം 43 പഞ്ചായത്ത് സമിതികളും മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും വിജയം നേടി. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി.
SUMMARY: Congress gets massive advance in Rajasthan local elections; BJP is tired, minister’s wife and children lost















