പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളില്‍ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധനവരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
അതേസമയം, വണ്ടിപ്പെരിയാർ-സത്രം-പുല്‍മേട് കാനനപാതയുടെ ഭാഗമായ ഉരക്കുഴി മുതല്‍ കോടംപ്ലാവ് വരെയുള്ള ഭാഗത്ത് നൂറോളം പുതിയ വഴി വിളക്കുകള്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബി. താല്‍ക്കാലികമായി വയർവലിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏതാണ്ട് രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അത്യാവശ്യം ചൂണ്ടിക്കാട്ടിയാല്‍ കൂടുതല്‍ വിളക്കുകള്‍ ഒരുക്കുമെന്ന് സന്നിധാനത്തെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ കെ.എ.അശ്വനികുമാർ പറഞ്ഞു.
സന്നിധാനത്ത് കെ.എസ്.ഇ.ബി. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്. 24 മണിക്കൂറും വൈദ്യുതി ഇടമുറിയാതെ ലഭ്യമാക്കാൻ നേരത്തെ കെ.എസ്.ഇ.ബി യ്ക്ക് രണ്ടു ഫീഡറകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നാക്കി. ശബരി, സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ മൂന്ന് 11 കെ.വി. ഫീഡറുകള്‍ വഴി സന്നിധാനത്തേക്ക് വൈദ്യൂതി ലഭ്യമാക്കുന്നു. ഏതെങ്കിലും ഒരു ഫീഡർ തകരാറിലായാലും രണ്ടുഫീഡറുകള് വഴി സന്നിധാനത്ത് മുഴുവൻ സമയത്തും വൈദ്യൂതിഎത്തും.
പമ്പയിലും സന്നിധാനത്തുമായി വിവിധ ഷിഫ്റ്റുകളിലായി കെ.എസ്.ഇ.ബിയുടെ 35 ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സന്നിധാനത്ത് നിലവിലുള്ളവ കൂടാതെ 100, 200 വാട്ട്സിന്റെ 500 എല്‍.ഇ.ഡി ലൈറ്റുകളും അധികമായി ഏർ്പ്പെടുത്തിയിട്ടുണ്ട്. ദേവസ്വംബോർഡിന്റെയും മറ്റ് വകുപ്പുകളുടെയും ആവശ്യമനുസരിച്ച് 70 താല്‍ക്കാലിക കണ്ക്ഷനുകളും സന്നിധാനത്ത് നല്‍കിയിട്ടുണ്ട്.
വനംവകുപ്പും ദേവസ്വം ബോർഡും കാനനപാത തുറന്നുകൊടുത്തതോടെ ഇതുവഴി അയ്യപ്പൻമാർ എത്തിച്ചേർന്ന് തുടങ്ങിയിട്ടുണ്ട്. ലൈറ്റുകള്‍ സ്ഥാപിച്ചത് തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടും. കൂടാതെ സുരക്ഷയും ഉറപ്പാക്കാൻ കഴിയും. ലൈറ്റിങ് അടിയന്തരമായി പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചിരുന്നു.
SUMMARY: Sabarimala Pilgrimage: Opportunity for an additional 5,000 people to have darshan daily
















