ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി. ഏകദേശം 11 ടിഎംസി വെള്ളം അധികമായി അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് തള്ളിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തമിഴ്നാടിന് ലഭിക്കേണ്ട ജലവിഹിതത്തില്‍ 11.719 ടിഎംസി അടി കുറവുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം.
ഒക്ടോബര്‍ ആറുവരെയുള്ള കണക്കനുസരിച്ചാണ് ഈ കുറവ് ചൂണ്ടിക്കാട്ടിയത്. കാവേരിയില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കര്‍ണാടക വിട്ടുനല്കുന്നില്ലെന്നും തമിഴ്നാട് ആരോപിച്ചിരുന്നു. ഈ ആവശ്യം തള്ളിയാണ് സുപ്രിംകോടതി വിധി. കാവേരി ജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം പ്രതിവര്‍ഷം 64 ടിഎംസി വെള്ളത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാല്‍ മഴക്കുറവും അണക്കെട്ടുകളിലെ ജലലഭ്യതയിലെ കുറവും ചൂണ്ടിക്കാട്ടി കര്‍ണാടക ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെയും കാവേരി ജല നിയന്ത്രണ സമിതിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കുടിശ്ശിക ജലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്നാടിന്റെ രണ്ട് അപേക്ഷകളാണ് കോടതി തള്ളിയത്. വെള്ളിയാഴ്ച തന്നെ സമര്‍പ്പിച്ച മൂന്നാമത്തെ അപേക്ഷയും തള്ളുകയാണെന്ന് ജസ്റ്റിസ് വിക്രം നാഥ് വാക്കാല്‍ വ്യക്തമാക്കി. നിരന്തരം അപേക്ഷ സമര്‍പ്പിക്കുന്നതില്‍ തമിഴ്നാടിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
SUMMARY: Cauvery River Water Dispute: Setback for Tamil Nadu in Supreme Court















