ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027 ഏപ്രിൽ മുതൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 35 പൈസ വീതം ഇളവ് ലഭിച്ചേക്കും. വൈദ്യുതി വിതരണ കമ്പനികൾ 2025–26 സാമ്പത്തിക വർഷത്തിൽ നേടിയ ലാഭത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാനുള്ള നിർദേശത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ബെംഗളൂരു ഉൾപ്പെടെ എട്ടു ജില്ലകളിലാണ് ബെസ്കോം വൈദ്യുതി വിതരണം നടത്തുന്നത്. ഈ മേഖലയിൽ ഓരോ യൂണിറ്റിനും 35 പൈസ വീതം റീഫണ്ട് നൽകാനാണ് കമ്പനി നിർദേശിച്ചിരിക്കുന്നത്. മറ്റ് മിക്ക വൈദ്യുതി വിതരണ കമ്പനികളുടെയും പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 16 പൈസ വീതം ഇളവ് നൽകാനാണ് ആലോചന. എന്നാൽ ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി പരിധിയിലെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
2025–26 സാമ്പത്തിക വർഷത്തിൽ ബെസ്കോം 293.6 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. വൈദ്യുതി ബിൽ പിരിവിലെ പുരോഗതി, മീറ്റർ റീഡിങ്ങിലെ കൃത്യത, കുടിശ്ശിക പിരിച്ചെടുക്കൽ, വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിലെ കുറവ് എന്നിവയാണ് സാമ്പത്തിക നില മെച്ചപ്പെടാൻ സഹായിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. വൈദ്യുതി വിതരണത്തിലെ നഷ്ടം 10 ശതമാനത്തിൽ താഴെയായതും നേട്ടമായി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി വിതരണ കമ്പനികൾ നവംബർ 30ന് കർണാടക വൈദ്യുതി നിയന്ത്രണ കമ്മിഷന് വാർഷിക സാമ്പത്തിക കണക്കുകളും താരിഫ് സംബന്ധിച്ച അപേക്ഷകളും സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്മിഷന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമായിരിക്കും അന്തിമ ഇളവ് നിശ്ചയിക്കുക. അംഗീകാരം ലഭിച്ചാൽ 2027 ഏപ്രിൽ മുതലുള്ള വൈദ്യുതി ബില്ലുകളിൽ അടുത്ത 12 മാസത്തേക്ക് ഇളവ് പ്രതിഫലിക്കും.
SUMMARY: BESCOM electricity tariffs may see a reduction of 35 paise per unit starting from April.
















