ചാഞ്ഞു പെയ്യുന്ന മഴയിലൂടെ

വരികള്‍ ഇഴചേര്‍ക്കുമ്പോള്‍ ◾ ഇന്ദിരാബാലന്‍


മലയാളിക്ക് മഴയില്ലാതെ ജീവിതമില്ലെന്ന് പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്‌. മഴ വലിയൊരു പുസ്തകമാണ്‌. കരിമുകിൽത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച പുസ്തകം. മിഴിതുറക്കുന്ന കാലത്തിന്റെ നെറ്റിയിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികൾ. വേനലിലും വർഷത്തിലും പെയ്യുന്ന മഴക്ക് വ്യത്യസ്ത താളം. കവികൾ ഒട്ടു മിക്കപേരും മഴയെ പ്രതീകമാക്കി ജീവിതാവസ്ഥകളെ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. മേഘജാലത്തിന്റെ മാസ്മരികതയിൽ നൃത്തമാടി ഭൂമിയിലേക്കിറങ്ങിവരുന്ന മഴ ശാന്തയും രൗദ്രയുമാണ്‌. ചിലപ്പോഴൊക്കെ പതിഞ്ഞ ശബ്ദത്തിൽ തുടങ്ങി ഉച്ചസ്ഥായിയിലെത്തി വീണ്ടും മന്ദഗതിയിലായി മടങ്ങുന്നവൾ. ഇടയ്ക്കൊക്കെ ചരൽ ക്കല്ലുകൾ വാരിയെറിഞ്ഞ് വീടിന്നകത്തളങ്ങളിലേക്ക് ഞൊറിവുകളുള്ള വെള്ള പാവാടയണിഞ്ഞ് വന്ന് അപ്പാടെ വിഴുങ്ങന്നവൾ. പലപ്പോഴും നവരസങ്ങളിൽ ആടുന്നവളാണ്‌ മഴയെന്ന് തോന്നിയിട്ടുണ്ട്‌. മലയാള കവികൾക്കെന്നും മഴ എഴുത്തിന്റെ സമ്പന്നതയാണ്‌. ഓരോരുത്തരുടേയും ഭാവനയ്ക്കനുസരിച്ച് മഴഭാവങ്ങൾ വിടരുന്നു.

വളരെ മുമ്പു വായിച്ച ഒരു കവിതയാണ്‌ കവി റോസ്മേരിയുടെ“ചാഞ്ഞുപെയ്യുന്ന മഴ” എന്ന രചന. വാർദ്ധക്യത്തിലെത്തിയ ഒരാളുടെ പ്രണയവുമായാണ്‌ എഴുത്തുകാരി ആ കവിതയെ ബന്ധപ്പെടുത്തിയിട്ടുള്ളത്‌. മഴ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ മഴയെ ചാഞ്ഞും ചെരിഞ്ഞും തിരശ്ച്ചീനമായും ലംബമായുമെല്ലാം ക്രമീകരിക്കാം. എഴുതുന്നവരുടെ ചോദനകൾക്കനുസരിച്ച്‌.

സ്ത്രീയുടെ സാമൂഹികപരിമിതികൾ മുറിച്ചുകടക്കുന്ന എഴുത്തുകാരികളാണ്‌ ഇന്നധികവും. ആ ഒരു ത്വര റോസ്മേരിയെന്ന കവിയിലും ഉണ്ട്‌. കവിതയിലൂടെ ആധുനികതയുടെ മുഖം ജ്വലിപ്പിയ്ക്കാനവർ ശ്രമിക്കുന്നു. ബോധത്തിന്റെ ഉന്നതതലങ്ങളേക്കാൾ ശാദ്വലമായ സമതലങ്ങളിൽ ആ വരികൾ ഒഴുകുന്നു. മഴയിലൂടെ അനുഭൂതിയുടെ സാന്ദ്രമധുരമായ ഇടങ്ങൾ തേടുകയാണ്‌ കവി.

പ്രണയം എന്ന വികാരം ഏതുകാലത്തും മനുഷ്യനുള്ളിലുണ്ട്‌. പ്രണയത്തിന്‌ ജാതിമതങ്ങളോ സാമ്പത്തികമോ പ്രശ്നമല്ല. ജൈവികമായ ചോദന സമാനഹൃദയരിൽ ഉണർത്തുന്ന വികാരം എന്നും പറയാം. കേവലപ്രണയങ്ങൾക്കപ്പുറം പ്രണയത്തിന്‌ ഉയർന്ന വിതാനവുമുണ്ട്‌.

ചാഞ്ഞുപെയ്യുന്ന മഴയോട് വാർദ്ധക്യത്തിലെത്തിയ ഒരാളുടെ പ്രണയത്തെ ഉപമിക്കുന്നതാണ് ഈ കവിതയുടെ അകം എന്നാദ്യം പരാമർശിച്ചുവല്ലൊ. ആ പ്രണയം അടിവേരുകളിലേക്കെത്താതെ ഉപരിപ്ളവം മാത്രമാണെന്നാണ് കവിയുടെ കണ്ടെത്തൽ. പക്ഷെ പുൽത്തുമ്പുകളെ ഈറനാക്കാൻ ആ പ്രണയത്തിന്‌ (മഴക്ക്) കഴിയുന്നുണ്ട്. സുഖശീതളമായ ഒരു കാറ്റിന്റെ തലോടൽ പോലെ അതിന്‌ കൂടുതൽ വാൽസല്യഭാവമാണ്‌ നിറയുന്നത്‌. പരോക്ഷമായി സ്ത്രീപുരുഷസ്നേഹത്തിന്റെ വൈകാരികഭാവങ്ങളെത്തന്നെയാണ്‌ കവി വിവക്ഷിക്കുന്നത്. ചാഞ്ഞുപെയ്യുന്ന മഴക്ക് മനസ്സിന്റെ വികാരങ്ങളെ ഉണർത്താനോ, പ്രകമ്പനംകൊള്ളിക്കാനോ കഴിയുന്നില്ല. അത് ശരക്കണ്ണീർ പൊഴിച്ചുകൊണ്ട് മണ്ണിന്റെ ഉപരിതലങ്ങളെ മാത്രം സ്പർശിച്ച് കടന്നുപോകുന്നു. ഭ‍ൂമിയുടെ ഗർഭഗൃഹത്തിലേക്കാഴ്ന്നിറങ്ങും മുമ്പെ പെയ്തു മടങ്ങുന്നു.

യൗവ്വനം നഷ്ടമായ മനസ്സിൽ നിലാവിറങ്ങാത്ത രാത്രിയിൽ കടൽത്തീരത്തെ നനഞ്ഞ മണ്ണിലിരുന്ന്, ചീറിയടിയ്ക്കുന്ന തണുത്ത ഉപ്പു കാറ്റിന്നഭിമുഖമായിരുന്ന് പ്രണയിനി കാമുകനോട് പറയുന്നു, പ്രഭോ യൗവ്വനത്തിൽ കോരിത്തരിപ്പിച്ച ശൈത്യരാവുകളുടെ അന്ത്യയാമങ്ങളോ, പരസ്പര ലയനത്തിൻ്റെയന്ത്യത്തിൽ സീല്ക്കാരത്തോടെ വീശിയലറുന്ന സമുദ്ര വാതങ്ങളോ വേണ്ട. കാരണം കാറ്റിന്റെ വാൾ നിഷ്ഠുരം പ്രഹരിക്കുമ്പോൾ പങ്കാളിയുടെ നെഞ്ചിനുള്ളിലെ തകർന്ന വിജാഗിരികളുടെ കരച്ചിൽ അവൾ കേൾക്കുന്നുണ്ട്‌. അത് തന്നെ വേദനിപ്പിക്കുന്നുവെന്നും പറയുന്നു. പരസ്പരം മനസ്സിലാക്കുന്നത് കൂടിയാണ്‌ പ്രണയം. അതൊരാളുടെ മാത്രം അവകാശമോ, പിടിവാശിയോ, ഇഷ്ടമോ അല്ല. പാരസ്പര്യത്തിൻ്റെ ജനാധിപത്യബോധം കൂടിയാണ്‌. പ്രണയമെന്നത് കേവലം ശാരീരികാവശ്യം മാത്രമല്ല. പ്രണയം പ്രകൃതിയോടും താദാത്മ്യം പ്രാപിച്ച് കിടക്കുന്നു. മനുഷ്യന്റെ ഓരോ കാലവും പ്രകൃതിയ് ക്കനുസരിച്ച് പരിവർത്തനാത്മകമാവുന്നു. ഋതുക്കളിലെ മാറ്റം മാനസികമായും ശാരീരികമായും മനുഷ്യനേയും ബാധിയ്ക്കും. അതുകൊണ്ട് തന്നെ കവി ഭാഷ ഇപ്രകാരമാവുന്നു,“നേരിയ ചൂടു തങ്ങിനില്ക്കുന്ന പ്രഭാതങ്ങളിൽ നമുക്കു ശവകുടീരങ്ങളിലെ ചാരുബഞ്ചുകളിൽ നിശ്ശബ്ദരായിരുന്ന് ബദാം മരത്തിന്റെ പഴുത്തിലകളടർന്നുവീഴുന്നതും, കല്ലറകളുടെ തണുത്ത പ്രതലങ്ങളിൽ കാതു ചേർത്ത് ആത്മാക്കൾ പതിഞ്ഞ സ്വരത്തിൽ പിറുപിറുക്കുന്നതും കേട്ടുകൊണ്ടിരിക്കാമെന്ന്”. ഈ വാക്കുകളിൽ ഇലകൾ പൊഴിയുന്ന ജീവിത സായന്തനത്തിൻ്റ ചിത്രം തെളിയുന്നു. മനസ്സിൻ്റെ അദമ്യമായ അഭിലാഷങ്ങൾ ക്കുമുന്നിലുള്ള കുന്നിനെയോർത്ത് വിഷാദഭരിതനായി നില്ക്കുന്ന കഥാപാത്രത്തെ യാഥാർത്ഥ്യത്തിൻ്റെ വാസ്തവികത ഇപ്രകാരം ബോധ്യപ്പെടുത്തുന്നു. ”ഈ ഗിരിശൃംഗങ്ങളെമറികടക്കാൻ ഏതു മൃതസഞ്ജീവനി പകർന്ന് തളർന്ന യോദ്ധാവിനെ എങ്ങനെ അശ്വാരൂഢനാക്കാം എന്നോർത്ത് വ്യഥിതനാകാതെ തന്റെ വലം കൈ പിടിച്ചാലും എന്ന് പറയുന്നതിലെ കരുതൽ എത്ര മനോഹരമായാണ്‌ പ്രതീകവല്ക്കരിച്ചിരിയ്ക്കുന്നത്. അനാവശ്യ ചിന്തകളിലിനി അലയേണ്ടതില്ല എന്ന താക്കീത് കൂടി ആ വരികളിൽ അന്തർഭവിച്ചിരിയ്ക്കുന്നു. മുന്നിലിനി വിശ്രമത്തിൻ്റെ പാതയാണ്. അതിനാൽ തന്നെ ആയാസരഹിതമായി താഴ് വരകളിലൂടെ സഞ്ചരിക്കാം. തളരുമ്പോൾ സാലവൃക്ഷങ്ങളുടെ തണലിൽ ചെറുകാറ്റിൻ്റെ സ്പർശമേറ്റ് വിശ്രമിക്കാമെന്ന് ഓർമ്മപ്പെടുത്തുന്നു.

ജീവിതത്തിൻ്റെ തൊട്ടടുത്ത ഊഴം തങ്ങളെ തേടിവരുന്ന മൃത്യുവിന്റെ ഭീതിദമായ തേരട്ടക്കാലുകളുമായി അരിച്ചിറങ്ങുന്ന തണുപ്പാണ്‌. കാമത്തിന്റെ കൊടുങ്കാറ്റുകളെ ചിറകിലൊതുക്കിനിർത്തി ആലിംഗനം ചെയ്യുമ്പോൾ യൗവനത്തിന്റെ സുഗന്ധലേപനങ്ങളല്ല,മറിച്ച് തലതിരിച്ചിലുണ്ടാക്കുന്ന പ്രാചീനതയുടെ ചൂരാണ്‌ നാമറിയുന്നതെന്ന ദർശനത്തിലേക്ക് കവിത തിരിയുന്നു. ജീവിതത്തിന്‌ സ്ഥായിയായ ഒരു നിലനിൽപ്പില്ല. അതിന്റെ നില ആരോഹണാവരോഹണങ്ങളിലൂടെയാണ്. ഓരോ സന്ദർഭത്തിന്നനുസരിച്ച് ജീവിതത്തിൽ സമരസപ്പെടേണ്ടതും, അതിൽ സമാധാനം കണ്ടെത്തേണ്ടതും നിലനിൽപ്പിന് അനിവാര്യമാണ്. അത് ചാക്രികമാണ്. തളിർക്കലും, വിരിയലും, കൊഴിയലും ഉണ്ട്. ആ യാഥാർത്ഥ്യബോധത്തോടെത്തന്നെ വേണം ജീവിതത്തെ സ്വീകരിക്കാനെന്ന അടിയൊഴുക്കുകൾ കവിതയിലൂടെ ഉരുത്തിരിഞ്ഞുവരുന്നു. കാമം മാത്രമല്ല പ്രണയം. അത് ഏതവസ്ഥയിലൂടെ കടന്നുപോകുമ്പോഴും എങ്ങനെയൊക്കെ മാറ്റിമറിയ്ക്കപ്പെടാമെന്നു കൂടി ഉദ്ബോധിപ്പിക്കുന്നു. പഴുപ്പധികമായ പഴമയുടെ ഗന്ധത്തെ കവി ഉപമിക്കുന്നത്‌ കലവറപ്പഴുക്കലുകളുടെ പൂതലിച്ച ഗന്ധത്തോടാണ്‌. ആ ഗന്ധം പ്രാചീനതയുടേതാണ്. അല്ലെങ്കിൽ വിരാമത്തിൻ്റേതാണ്. മഴയും, വെയിലും, മഞ്ഞും കൊണ്ട് തഴമ്പാർന്നു പോയ ജീവിതച്ചിത്രം ഇവിടെ തെളിയുന്നു. ചക്രവാളങ്ങൾക്കപ്പുറത്ത് നിന്നും മരണത്തിന്റെ പ്രചണ്ഡവാതങ്ങൾ മുഴക്കി തലയ്ക്ക് മുകളിൽ ഇരുൾമഴക്കാറുകൾ പടയണി കൂട്ടുന്നതറിയുമ്പോൾ എതിർലിംഗം സ്ത്രീക്ക് അച്ഛനായി മാറുന്നു. അവൾ പറയുന്നു, അച്ഛാ അങ്ങെന്റെ നെറ്റിമേൽ അമർത്തി ചുംബിക്കുക. ‘അച്ഛാ ‘എന്ന ഒറ്റവാക്കിൽ സ്നേഹത്തിൻ്റെ ഭാവപ്പകർച്ചയിലേയ്ക്കെത്തുന്നു. നെറ്റിമേലുള്ള ചുംബനം ഒരച്ഛന് മകളോടുള്ള /മകനോടുള്ള വാത്സല്യത്തെയാണ് ദ്യോതിപ്പിയ്ക്കുന്നത്. വാക്കുകൾക്ക് മനുഷ്യമനസ്സിന്റെ ഭാവങ്ങളെ പരിണതപ്പെടുത്താനാവും. ജീവിതത്തിന്റെ ലൗകികതൃഷ്ണകളിൽനിന്നും എത്രവേഗമാണ്‌` കവിത അതിന്റെ ആത്മീയതലങ്ങളിലേക്കെത്തുന്നത്‌. മരണമെന്ന സത്യത്തിനു മുന്നിൽ മനുഷ്യൻ നിസ്സഹായനാണ്‌. അച്ഛൻ്റെ നെഞ്ചിലെ പ്രാണനിൽ അവശേഷിക്കുന്നത് കുളിർന്നു വിറയ്ക്കുന്ന കുരുകിൽ പക്ഷിയുടെ നേരിയ മിടിപ്പു മാത്രമാണ്. അതിനു ചൂടു പകരാൻ കവി പറയുന്നത് നെഞ്ചിലെ അവസാന പ്രാണനിൽ അവശേഷിക്കുന്ന കനല്ക്കട്ടയിലെ ചൂട്കൊണ്ടാണ്‌. അവസാനം ആ പ്രണയം സ്നേഹവാൽസല്യങ്ങളുടെ ബിംബമായി മാറുന്നു. സമസ്തഭീതികളിൽ നിന്നും പരിരക്ഷിക്കാനാവശ്യപ്പെടുന്ന സ്ത്രീയുടെ മുന്നിൽ വികാരത്തിന്റെ തീജ്വാലകൾ മഞ്ഞുകണങ്ങളായിമാറുന്നു. കവിത കുറിച്ച തൃഷ്ണകളുടെ ഉഷ്ണമാപിനിയിൽ നിന്നും പിന്നീട് കാഴ്ച്ചകളും, വാക്കുകളും മഴഭാവത്തിന്റെ ശീതമാപിനിയിലേക്ക് വഴി മാറുന്നു. ലൌകിക ജീവിതത്തിന്റെ ആദിമധ്യാന്തങ്ങൾ ഈ കവിതയിൽ വിലയിച്ചു കിടപ്പുണ്ട്. ചിന്തോദ്ദീപകമായ വരികളിലൂടെ ചാഞ്ഞു പെയ്യുന്ന മഴ ആസ്വാദകെനെ നനയിപ്പിക്കുന്നുവെങ്കിലും അസ്തമയത്തിലെത്തിയ യൗവ്വനം വിടാത്ത മനസ്സുള്ള ഒരാളെ മരണത്തിൻ്റെ കാലൊച്ച കേൾപ്പിച്ച് അന്തരീക്ഷം ഭീതിദമാക്കേണ്ടിയിരുന്നില്ല എന്ന തോന്നൽ വായനയിലുളവായി.

യൗവ്വനം സൂക്ഷിക്കുന്ന മനസ്സ് ശേഷിച്ച ജീവിതത്തിന് ബലം കൂടിയാണ്. പ്രതീക്ഷകളല്ലെ മനുഷ്യനെ മുന്നോട്ട് ജീവിക്കാൻ പ്രാപ്തനാക്കുന്നത്. പ്രതീക്ഷകളില്ലാത്തവരുടെ മുന്നിൽ മരണശൂന്യത നിറയും. അതിനാൽ മനസ്സിനെ ഉർവ്വരമാക്കേണ്ടത് അവനവൻ്റെ കടമ കൂടിയാണ്. കാലമെത്ര കടന്നു പോയാലും മനസ്സെന്നും യൗവ്വനയുക്തമായിരിക്കട്ടെ. അപ്പോൾ ജീവിതവും ഏത് മടുപ്പിലും സുരഭിലമായിത്തീരും !

TAGS : | |


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!