കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹരജിയിലാണ് നടപടി. കേസില്‍ പാലാരിവട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. പരുക്കേറ്റ ഉമ തോമസ് നിയ മനടപടി ആരംഭിച്ചിരുന്നു.
രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ എംഎല്‍എ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കൊച്ചി കോര്‍പറേഷന്‍, ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് 47 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. മതിയായ സുരക്ഷയൊരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നല്‍കിയ കോര്‍പറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് ഉമയുടെ ആരോപണം.
SUMMARY: Kaloor Stadium accident; High Court stays proceedings in the case














