
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി രഞ്ജിത പുളിക്കന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിട്ടിരുന്നു.
പത്തനംതിട്ട സൈബര്‍ പോലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും രഞ്ജിത പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലാ കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
മൂന്നാമത്തെ പരാതി വന്നപ്പോഴും പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിധം രഞ്ജിത ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളടക്കം മനസിലാകുന്ന രീതിയിലായിരുന്നു ഇവരുടെ പോസ്റ്റ്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു ഇവര്‍. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് രജിത പുളിക്കല്‍.
SUMMARY: Ranjitha Pulikkan arrested for Facebook post insulting survivor














