
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
ബസിന്റെ വലതുഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ഡിവൈഡർ മറികടന്ന് കണ്ടൈനർ ലോറിയിൽ ഇടിക്കുകയായിരുന്നു. മോട്ടോർ സൈക്കിളുകളുമായി വരികയായിരുന്ന ലോറിയുമായാണ് ബസ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ബസിനും ട്രക്കിനും തീപിടിച്ചു. അപകടത്തിൽ ബസ് ഡ്രൈവറും ട്രക്കിന്റെ ഡ്രൈവറും ക്ലീനറുമടക്കം മൂന്ന് പേർ മരിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഗ്ലാസ് തകർത്ത് മോചിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗത തടസമുണ്ടായി.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബസിന്റേയും ട്രക്കിന്റേയും ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ ചിലർക്ക് നിസാര പരുക്കേറ്റു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.
SUMMARY: Bus catches fire after colliding with lorry; three people burnt to death














