ബെംഗളൂരു: യാഷ് നായകനായെത്തുന്ന ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി’ന്റെ ടീസറിനെതിരേ കർണാടക വനിതാ കമ്മിഷൻ രംഗത്ത്. ടീസറിനെതിരേ നടപടിയാവശ്യപ്പെട്ട് സെൻസർ ബോർഡിന് കർണാടക സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചു.
ടീസർ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കമ്മിഷന് പരാതി നൽകിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. ചിത്രത്തിന്റെ ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും പരാതിയില്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ സെൻസർബോർഡിന് കത്തയച്ചത്.
മുന്നറിയിപ്പോ, പ്രായപരിധിയോ നൽകാതെയാണ് അശ്ലീലദൃശ്യങ്ങൾ അടങ്ങുന്ന ടീസർ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് ദൃശ്യങ്ങളെന്നും കമ്മിഷൻ ആരോപിച്ചു.
ജനുവരി എട്ടിന് യാഷിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ആക്ഷൻ നിറഞ്ഞ ടീസറിൽ യാഷിന്റെ കഥാപാത്രം ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും അതിന് പിന്നാലെ നിരവധിയാളുകളെ വെടിവെച്ചു കൊല്ലുന്നതുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെജിഎഫ് 2-ന് ശേഷം യാഷ് നായകവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗീതു മോഹൻദാസാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ.
SUMMARY: Action against ‘Toxic’ Teaser; Karnataka Women’s Commission














