
കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് മരിച്ചനിലയിൽ. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകി (40) നെയാണ് പുലർച്ചെയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളാണ് കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുന്നത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽകോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിൽ പോയിരുന്നു. തിരക്കുള്ള ബസിൽ ദീപക് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് ഒരു യുവതി സെൽഫി വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ ദീപക് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ദീപക് അത്തരത്തിൽ മോശമായി പെരുമാറില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. വീഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടന്റ് ക്രിയേഷൻ എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.
അതേസമയം, ദീപക്കിന്റെ വീഡിയോ പകർത്തിയ യുവതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവ് തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവതി പറയുന്നത്. ‘ശരീരത്തിൽ സ്പർശിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചത്. പയ്യന്നൂർ വച്ചായിരുന്നു സംഭവം. വടകര പോലീസിൽ വിവരമറിയിച്ചിരുന്നു. വീഡിയോ പകർത്തുന്നത് യുവാവ് കണ്ടതാണ്. അതോടെ ബസിൽ നിന്നിറങ്ങി വേഗത്തിൽ നടന്നു. തുടർന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്’- യുവതി പറഞ്ഞു.
SUMMARY: Allegation of sexual assault inside the bus; After the young woman shared the video, the young man took his own life in despair














