ഇടുക്കി: ദേവികുളം സിപിഐഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. എസ് രാജേന്ദ്രന് പിന്നാലെ മുന്‍ സിപിഐ നേതാവ് ഗുരുനാഥനും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. മൂന്നുവട്ടം ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗുരുനാഥന്. കൂടാതെ സിപിഐഎം പ്രവര്‍ത്തകനായ സന്തോഷും ബിജെപി അംഗത്വം സ്വീകരിച്ചു. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തിനൊപ്പമായിരുന്നു ഗുരുനാഥനും സന്തോഷും പാര്‍ട്ടിയില്‍ പ്രവേശിച്ചത്.
2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ്. രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്പിക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍നിന്നും രാജേന്ദ്രനെ സ്സപെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് രാജേന്ദ്രൻ പ്രതികരിച്ചത്.
SUMMARY: Former CPIM MLA S Rajendran joined BJP
















