തെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. രണ്ടാഴ്ചയായി തുടരുന്ന സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ ആദ്യമായാണ് ഇത്രയും അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നത്. മരിച്ചവരില്‍ എത്ര പ്രതിഷേധക്കാരുണ്ടെന്നോ എത്ര സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ ഇറാനിയൻ സുരക്ഷാ സേന ഏകദേശം 12,000 പേരെ കൊലപ്പെടുത്തിയെന്നും ഇത് ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണെന്നും ഇറാൻ ഇന്റർനാഷണൽ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ നൂറുകണക്കിന് മാത്രമാണെന്നും, എന്നാൽ ഇറാനിലെ കടുത്ത വിവരനിയന്ത്രണങ്ങൾ കാരണം സ്വതന്ത്രമായി ഈ കണക്കുകൾ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു.
കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കുറ്റപ്പെടുത്തി.
SUMMARY: Anti-government protests in Iran; The death toll has crossed 2,400














