തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ കഴിഞ്ഞ 2 മാസത്തോളമായി തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരത സഭയെ നയിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.
ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്‌കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിന്റെയും 10 മക്കളിൽ നാലാമനായി 1940 ജൂൺ 13-നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്.
1961 ജൂൺ 25-ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തിൽ 1965 ജൂൺ 13-ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 21-ന് എപ്പിസ്‌കോപ്പയായും ഒരാഴ്ചയ്ക്ക്‌ശേഷം 29-ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാർ സയ്യാകത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണം ചെയ്തു. ഭാരത സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു.
1968 ഒക്ടോബർ 26-ന് ഇന്ത്യയിൽ തിരിച്ചെത്തി സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തു. 2015-ൽ മാറൻ മാർ ദിൻഹാ നാലാമൻ പാത്രിയാർക്കീസ് കാലം ചെയ്തതിനെത്തുടർന്ന് പുതിയ പാത്രിയാർക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചു. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.
SUMMARY: Archbishop Dr. Mar Aprem Metropolitan passes away