പാലക്കാട്: തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്മാനാണ് (31) പരിക്കേറ്റത്. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എഗ്മോര്‍ എക്‌സ്പ്രസില്‍നിന്നാണ് ഇയാള്‍ ചാടിയത്. റെയില്‍വേ പോലീസാണ് ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തലശ്ശേരിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന മൂന്നുസ്ത്രീകള്‍ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്നതിനിടെയാണ് യുവാവ് ഇതില്‍ ഒരാളുടെ മാലപൊട്ടിച്ചത്. സ്ത്രീകള്‍ ബഹളംവെച്ചതോടെ ഇയാള്‍ ഓടി. തുടര്‍ന്ന്, തീവണ്ടിയില്‍നിന്ന് ചാടി. കഞ്ചിക്കോടിനും വാളയാറിനുമിടയില്‍ തീവണ്ടിയെത്തിയപ്പോഴായിരുന്നു സംഭവം.ഇതിനിടെ, യാത്രക്കാരിലൊരാള്‍ തീവണ്ടിയിലെ ചങ്ങല വലിച്ചു.
തുടര്‍ന്ന്, റെയില്‍വേ പോലീസ് എത്തിയപ്പോഴാണ് മാല പിടിച്ചുപറിച്ച സംഭവമറിഞ്ഞത്. ഉടനെ അവര്‍ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടില്ല. നാലുമണി കഴിഞ്ഞാണ് ഇയാളെ ചുള്ളിമടയ്ക്കുസമീപം കാടിനോട് ചേര്‍ന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്.ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. നിലവില്‍ പോലീസിന്റെ കാവലിലാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണ് റോഫിക്കുല്‍ റഹ്മാന്‍.
SUMMARY: Assam native seriously injured after breaking elderly woman’s necklace and jumping off train