ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 47 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.
മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്. മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവില്‍ മത്സരിക്കും. പൂഞ്ഞാറില്‍ പി.സി. ജോർജും പാലായില്‍ ഷോണ്‍ ജോർജും തൃശൂരില്‍ പദ്മജ വേണുഗോപാലും ഷൊർണ്ണൂരില്‍ ശങ്കു ടി. ദാസും കോഴിക്കോട് നോർത്തില്‍ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രമ്യ ഹരിദാസും ഹരിപ്പാട് സന്ദീപ് വചസ്പതിയും ജനവിധി തേടും.
ഒറ്റപ്പാലത്ത് സംവിധായകൻ മേജർ രവിയാണ് സ്ഥാനാർഥി. മലമ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വീണ്ടും മത്സരിക്കും. സിപിഎം വിട്ടെത്തി മുൻ എംഎല്‍എ എസ്. രാജേന്ദ്രൻ ദേവികുളത്ത് ജനവിധി തേടും. കോണ്‍ഗ്രസ് വിട്ടെത്തി ആർ. രശ്മി കൊട്ടാരക്കരയില്‍ മത്സരിക്കും. സിപിഐ വിട്ടെത്തിയ കെ. അജിത്താണ് വൈക്കത്തെ സ്ഥാനാർഥി.
മറ്റ് സ്ഥാനാർഥികള്‍
ഉദുമ-മനുലാല്‍ മേലോത്ത്, കാഞ്ഞങ്ങാട്-എം. ബല്‍രാജ്, പയ്യന്നൂർ-എ.പി. ഗംഗാധരൻ, അഴീക്കോട്-കെ.കെ. വിനോദ് കുമാർ, കണ്ണൂർ-സി. രഘുനാഥ്, മാനന്തവാടി-പി. ശ്യാം രാജ്, സുല്‍ത്താൻബത്തേരി-എ.എസ്. കവിത, വടകര-കെ. ദിലീപ്, കുറ്റ്യാടി-രമാദാസ് മണലേരി, നാദാപുരം-സി.പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടി-സി.ആർ. പ്രഫുല്‍ കൃഷ്ണൻ, പേരാമ്പ്ര-കെ. മോഹനൻ മാസ്റ്റർ.
ബാലുശേരി-സി.പി. സതീശൻ, എലത്തൂർ-ടി. ദേവദാസ്, കോഴിക്കോട് സൗത്ത്- ടി. റെനീഷ്, ബേപ്പുർ-കെ.പി. പ്രകാശ് ബാബു, കുന്നമംഗലം-വി.കെ. സജീവൻ, ചേലക്കര-കെ. ബാലകൃഷ്ണൻ, മണലൂർ-കെ.കെ. അനീഷ്കുമാർ, ഇരിങ്ങാലക്കുട-സന്തോഷ് ചെറാകുളം, അമ്പലപ്പുഴ-അരുണ്‍ അനിരുദ്ധൻ, ചെങ്ങന്നൂർ-എം.വി. ഗോപകുമാർ, കരുനാഗപ്പള്ളി-വി.എസ്. ജിതിൻ ദേവ്, കുന്നത്തൂർ-രാജി പ്രസാദ്.
ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, ആറ്റിങ്ങല്‍-പി. സുധീർ, നെടുമങ്ങാട്-യുവരാജ് ഗോകുല്‍, പാറശാല-ഗിരീഷ് നെയ്യാർ.
SUMMARY: Assembly elections; BJP announces first phase candidates















