മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ശുചീകരണ ജീവനക്കാരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. 1.6 കോടി വിലമതിക്കുന്ന വിദേശ സ്വര്‍ണം നഗരത്തിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര യാത്രക്കാരെ ഉപയോഗിച്ച് വിമാനം വഴി സ്വര്‍ണം കടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിയന്ത്രിത മേഖലകളിലേക്ക് പ്രവേശനമുള്ള വിശ്വസ്തരായ വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം വീണ്ടെടുക്കാനും ഇവര്‍ക്ക് കഴിയും.
ടെര്‍മിനലിലും എയ്റോബ്രിഡ്ജ് പ്രദേശത്തും ഡിആര്‍ഐ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഒരു ക്ലീനിങ് ടീം ലീഡര്‍, എയ്റോബ്രിഡ്ജ് പടികളില്‍ ഒരു പാക്കറ്റ് ഇടുന്നത് വ്യക്തമായിരുന്നു. പാക്കറ്റില്‍ വെളുത്ത തുണിയില്‍ കൃത്യമായി പൊതിഞ്ഞ നിലയില്‍ മെഴുക് പരുവത്തിലുള്ള സ്വര്‍ണപ്പൊടി കണ്ടെത്തുകയായിരുന്നു. ക്ലീനിങ് ടീം ലീഡറെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍, പാക്കറ്റ് താന്‍ വെച്ചതാണെന്ന് അയാള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. തന്റെ സൂപ്പര്‍വൈസര്‍ വന്ന വിമാനത്തില്‍ നിന്ന് സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നല്‍കിയതാണെന്നും ഇയാള്‍ വെളിപ്പെടുത്തി. വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഉദ്യോഗസ്ഥര്‍ സൂപ്പര്‍വൈസറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടികളുടെ മറ്റു വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
SUMMARY: Attempt to smuggle gold worth Rs. 1.5 crore; Airport cleaning staff arrested