കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുപി നോയിഡ സ്വദേശി സൗരവ് (24) ആണ് അറസ്റ്റിലായത്. ലോണ്‍ ആപ്പ് ടെലികോളറാണ് സൗരവ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഈ കേസില്‍ നേരത്തെ മൂന്നു പേര് അറസ്റ്റിലയിരുന്നു. ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി, പി ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന് ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില് ഡോ. റാം മുന്‍കൂര്‍ വാദിച്ചത്.
SUMMARY: BDS student Nitin Raj’s death; one more person arrested
















