
ബെംഗളൂരു: സ്ഥാനത്തെ ബൈക്ക് ടാക്സി സേവനങ്ങൾക്കുള്ള നിരോധനം നീക്കി കർണാടക ഹൈക്കോടതി. ബൈക്ക് ടാക്സി നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്‌ത് വെബ്ടാക്സി കമ്പനികളായ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് നേരത്തെ സിദ്ധരാമയ്യ സർക്കാരിന്റെ ബൈക്ക് ടാക്സി നിരോധനം ശരിവെച്ച സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിവിഷൻ ബെഞ്ചിന്റെ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് വിഭു ബഖ്‌രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. നിയമപരമായ അനുമതിക്ക് വിധേയമായി ബൈക്കുകളെ യാത്രാ വാഹനങ്ങളായി ഉപയോഗിക്കാമെന്ന് കോടതി വിധി പുറപ്പെടുവിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു 2025 ജൂണിൽ സർക്കാർ ബൈക്ക് ടാക്‌സി നിരോധിച്ച് വിജ്‌ഞാപനം ഇറക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് ശരിവച്ചു. ബൈക്ക് ഉടമകളോടും അഗ്രിഗേറ്ററുകളോടും ലൈസൻസിനായി അപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് അനുമതി നൽകാൻ സർക്കാരിനോടും നിർദേശിച്ചു. സംസ്ഥാനത്തിന് അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കാൻ കഴിയുമെങ്കിലും, വാഹനം മോട്ടോർ സൈക്കിളാണെന്ന കാരണത്താൽ ടാക്സി രജിസ്ട്രേഷൻ നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ബൈക്ക് ടാക്സി സേവനങ്ങൾക്കുള്ള സംസ്ഥാനത്തിന്റെ സമഗ്ര നിരോധനം കഴിഞ്ഞ വർഷം ജൂണിലാണ് പ്രാബല്യത്തിൽ വന്നത്. റാപ്പിഡോ, ഓല, ഊബർ മോട്ടോ പോലുള്ള പ്ലാറ്റ്‌ഫോമുകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുൻ സർക്കാർ ഉത്തരവും, ഇത്തരം സര്‍വീസുകള്‍ക്ക് വ്യക്തമായ നിയന്ത്രണ ചട്ടക്കൂടില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കർണാടക സർക്കാർ നിരോധനം നടപ്പാക്കിയത്.
SUMMARY: Karnataka High Court allows bike taxis














