ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും വിധാൻസൗധയിലും ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയാൾ അറസ്റ്റിലായി. ബെംഗളൂരു ബ്യാദരഹള്ളി ബാലാജിനഗർ സ്വദേശിയായ സ്വദേശിയായ കാർത്തിക് ആർ (20) ആണ് അറസ്റ്റിലായത്.
നമ്മ യാത്രി വഴിഓട്ടോറിക്ഷ ബുക്ക് ചെയ്തശേഷം ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് ഭീഷണി മുഴക്കിയത്. നവംബർ അഞ്ചിന് വൈകിട്ട് 7.20ഓടെയായിരുന്നു സംഭവം. നന്മ യാത്രി ആപ്പ് വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്ത കാർത്തിന്റെ നമ്പറിലേക്ക് ഡ്രൈവർ കൃത്യമായ ലൊക്കേഷൻ അറിയുന്നതിനായി ഫോണിൽ വിളിച്ചു. താൻ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിലാണെന്നും, ബാരിക്കേഡുകൾക്ക് സമീപം ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ കൈവശം ഫോൺ നൽകാനും ഇയാൾ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ഡ്രൈവർ ഫോൺ പോലീസുകാർക്ക് കൈമാറി. തുടർന്ന്, മുഖ്യമന്ത്രിയുടെ വസതിയിലും വിധാൻ സൗധയിലും ബോംബുകൾ വെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ബോംബ് സ്ഫോടനം നടത്തുമെന്നും ഇയാൾ പോലീസിനെ ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഫോൺ കട്ട് ചെയ്യുകയായിരുന്നു.
പോലീസ് ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ വസതിയിലും പരിസരത്തും സുരക്ഷാ പരിശോധന നടത്തി. എന്നാൽ ബോംബ് ഭീഷണി വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവത്തിൽ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നവംബർ ഏഴിന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനൊടുവിൽ കാർത്തിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
SUMMARY: Bomb threat against Chief Minister’s residence and Vidhana Soudha; 20-year-old arrested.















