ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പിന് നാളെ ബെംഗളൂരുവിലെ കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പത്ത് ദിവസങ്ങളിലായി നടക്കുന്ന അക്ഷരവിരുന്നിന്റെ ആദ്യ ഏഴ് ദിവസങ്ങളില്‍, ഓഗസ്റ്റ് 14 മുതല്‍ 20 വരെ, വൈവിധ്യമാര്‍ന്ന കലാ-സംഗീത പരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് സാഹിത്യോത്സവത്തിന്റെ പ്രധാന വേദി ഓഗസ്റ്റ് 21 മുതല്‍ 23 വരെ സജീവമാകും. സാഹിത്യവും കലയും സംഗീതവും ഒരേ വേദിയില്‍ സംഗമിക്കുന്ന ഈ അക്ഷരോത്സവം ബെംഗളൂരുവിന് വേറിട്ട സാംസ്‌കാരിക അനുഭവമാകും സമ്മാനിക്കുക.
കർണാടകയിലെ നാടോടി കലാകാരി രാമവ്വ ജോഗതിയും നാടകപ്രവർത്തകയും ഗവേഷകയുമായ ശിൽപ മുദ്ബിയും ചേർന്നവതരിപ്പിക്കുന്ന ‘രാമക്കയും ഞാനും’ എന്ന പരിപാടിയോടെയാണ് സാഹിത്യോത്സവത്തിന് തുടക്കമാകുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ രാത്രി 8.30 വരെ നീളുന്ന പരിപാടിയിൽ വടക്കൻ കർണാടകയിലെ ജോഗ പാരമ്പര്യവും അതുമായി ബന്ധപ്പെട്ട ഇരുവരുടെയും ജീവിതാനുഭവങ്ങളും അരങ്ങിലെത്തും. ജാതി, വർഗം, ലിംഗഭേദം, ഗ്രാമ-നഗര വിഭജനം തുടങ്ങിയ സാമൂഹിക ഘടകങ്ങൾ വ്യക്തിയുടെ സ്വത്വത്തെയും അധ്വാനത്തെയും ജീവിതാനുഭവങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതും പരിപാടി ചർച്ച ചെയ്യുന്നു.
പുസ്തകമേളയാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. രാജ്യത്തെ വിവിധ പ്രസാധകരുടെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. ഇതിനു പുറമേ ഫ്ലീ ആന്‍റ് ഹാൻഡിക്രാഫ്റ്റ്സ് മാർക്കറ്റ് എന്നിവയുമുണ്ട്. ക്യൂറേറ്റഡ് ഫുഡ് കോർട്ട്, നവകർണാടക, ഡിസി ബുക്സ്, കലച്ചുവട്, ചായ ബുക്സ്, ബുക്ക്‌വോം, സാഹിത്യ അക്കാദമി, നാഷണൽ ബുക്ക് ട്രസ്റ്റ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ പ്രസാധകരെ ഉൾപ്പെടുത്തി ‘ബിബിഎൽഎഫ് ബുക്ക് വേൾഡ്’ എന്നിവ ഉണ്ടായിരിക്കും.
21 മുതല്‍ 23 വരെ നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും വായനക്കാരും ചിന്തകരും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒന്നിച്ചുകൂടും. 9 വ്യത്യസ്ത വേദികളിലായി 200-ലധികം ക്യൂറേറ്റഡ് സെഷനുകള്‍ നടക്കും. 400-ലധികം എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍, വിവിധ വിഷയവിദഗ്ധര്‍ എന്നിവര്‍ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സാഹിത്യം, സമൂഹം, സംസ്‌കാരം, വിവര്‍ത്തനം, പ്രസാധനം, കല തുടങ്ങിയ വിഷയങ്ങളിലായിരിക്കും സംവാദങ്ങള്‍.
മലയാളത്തില്‍ നിന്നും എന്‍.എസ് മാധവന്‍, സക്കറിയ, കെ. ആര്‍ മീര, ബെന്ന്യാമിന്‍, ഇ.പി രാജഗോപാലന്‍, കെ. പി രാമനുണ്ണി, സുധാകരന്‍ രാമന്തളി, സന്തോഷ് ഏച്ചിക്കാനം പി വി ഷാജികുമാര്‍, ലിപിന്‍ രാജ്, എം. കെ ഹരികുമാര്‍, ജേക്കബ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബെംഗളൂരുവില്‍ നിന്നുള്ള മലയാളി എഴുത്തുകാരും സാഹിത്യവിരുന്നിന്റെ ഭാഗമാകും.
മലയാളം സെഷനുകള്‍ :
21-08-2026 | വേദി: മഥന | രാവിലെ 11 മുതൽ 11.50 വരെ
നോവലിലെ അനുഭവലോകം
പങ്കെടുക്കുന്നവർ: ബെന്യാമിൻ, ഇ സന്തോഷ് കുമാർ, പി വി ഷാജികുമാർ, ഡെന്നീസ് പോൾ (മോഡറേറ്റർ)
ഉച്ചയ്ക്ക് 2 മുതൽ 2 50 വരെ | വേദി: മഥന
എഴുത്തും വായനയും
പങ്കെടുക്കുന്നവർ: സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പിഷാരടി, സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട് (മോഡറേറ്റർ)
വൈകിട്ട് 4 മുതൽ 4.50 | വേദി: അക്ഷര
വിനിമയം വിവർത്തനത്തിലൂടെ
പങ്കെടുക്കുന്നവർ: കെ മോഹൻ കുണ്ഠാർ, വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, മായ ബി നായർ (മോഡറേറ്റർ)
22 -0 8-2026 | രാവിലെ 11 മുതൽ 11.50 | വേദി: അക്ഷര
മലയാള നാടകം – രചനയും ആവിഷ്കാരവും
പങ്കെടുക്കുന്നവർ: പ്രകാശ് ബാരെ, ജോസഫ് ജോൺ, അനിൽ തിരുമംഗലം, കെ ആർ കിഷോർ (മോഡറേറ്റർ)
ഉച്ചക്ക് 1 മുതൽ 1 50 വരെ| വേദി: മഥന
മലയാള ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും
പങ്കെടുക്കുന്നവർ: കെ പി രാമനുണ്ണി, ഹർഷാദ് ബത്തേരി, ആഷ് അഷിത, ബ്രിജി കെ. ടി (മോഡറേറ്റർ)
വൈകിട്ട് 4 മുതൽ 4 50 വരെ | വേദി: മദന
സാഹിത്യ വിമർശനത്തിന്റെ വർത്തമാനം
പങ്കെടുക്കുന്നവർ: ഇ പി രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, സജയ് കെ വി, രാഹുൽ എ ആർ (മോഡറേറ്റർ)
23-08-2026 | വേദി: മദന | രാവിലെ 11 മുതൽ 11.50
കവിതയിലെ വിഭിന്ന സ്വരങ്ങൾ
പങ്കെടുക്കുന്നവർ: പി രാമൻ, സന്ധ്യ ഇ, സോമൻ കടലൂർ, ടി പി വിനോദ് (മോഡറേറ്റർ)
ഉച്ചയ്ക്ക് 1 മുതൽ 1 50 വരെ | വേദി: അക്ഷര
കോളമെഴുത്ത് മലയാളത്തിൽ
പങ്കെടുക്കുന്നവർ: എംകെ ഹരികുമാർ, ജേക്കബ് എബ്രഹാം, ഇന്ദിരാ ബാലൻ, ഉമേഷ് രാമൻ (മോഡറേറ്റർ)
3 മുതൽ 3 50 വരെ | വേദി: മദന
ടെക്നോ സംസ്കാരവും സാഹിത്യവും
പങ്കെടുക്കുന്നവർ: എൻഎസ് മാധവൻ, സന്തോഷ് ഏച്ചിക്കാനം, എംപി ലിബിൻ രാജ്, അനീസ് സിസിഒ (മോഡറേറ്റർ)
പുസ്തകപ്രകാശനവും മലയാളം എഴുത്തുകാര്‍ പങ്കെടുക്കുന്ന മറ്റു സെഷനുകളും
🟥 പുസ്തക പ്രകാശനം
22-08-2026 | വേദി: അനാവരണ
രാവിലെ 11.30 മുതൽ 11.55
50 കഥകൾ/ ഇംഗ്ലീഷ്/ പോൾ സക്കറിയ-തുടര്‍ന്ന് പോൾ സക്കറിയയും
അനുപമ രാജുവുമായുള്ള സംഭാഷണം
12.30 മുതൽ 12.55 വരെ
നീണ്ട കഥകൾ/ മലയാളം/എൻ.എസ്.മാധവൻ- തുടര്‍ന്ന് എൻ.എസ്.മാധവനും ടി പി വിനോദുമായുള്ള സംഭാഷണം
03.30 മുതൽ 03.55 വരെ
ജ്ഞാനഭാരം/മലയാളം/ഇ. സന്തോഷ് കുമാർ-തുടര്‍ന്നു
ഇ. സന്തോഷ് കുമാര്‍ ടോണി സേവ്യര്‍ രാഹുൽ രാധാകൃഷ്ണന്‍ എന്നിവരുമായി നടത്തുന്ന സംഭാഷണം.
🟥 മുഖാമുഖം
21,22 ദിവസങ്ങളില്‍ നടക്കുന്ന നടക്കുന്ന മുഖാമുഖത്തിൽ മലയാളം എഴുത്തുകാരായ എന്‍ എസ് മാധവന്‍, പോൾ സക്കറിയ, കെ ആര്‍ മീര, ബെന്യാമിൻ, സോണിയ ചെറിയാൻ, സന്തോഷ് ഏച്ചിക്കാനം എന്നിവർ പങ്കെടുക്കും
23ന് നടക്കുന്ന ചിന്നാര ലോക കുട്ടികളുടെ വിഭാഗത്തിൽ ‘യംഗ് വോയ്‌സസ്, ബിഗ് സ്റ്റോറീസ്’ (ഇംഗ്ലീഷ് + മലയാളം) മലയാളി ബാല രചയിതാവ് ഓസ്റ്റിൻ അജിത്ത് പങ്കെടുക്കും
23ന് നടക്കുന്ന കവിത സെഷനിൽ സോമൻ കടലൂർ സംസാരിക്കും
കാര്യപരിപാടികളുടെ മുഴുവന്‍ വിവരങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു
പത്ത് ദിവസങ്ങളിലായി നടക്കുന്ന എല്ലാ സാഹിത്യസെഷനുകള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.bookbrahmalitfest.com വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വേദിയിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്ന് പ്രവേശന പാസ് ലഭ്യമാകും.















