ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി ബെംഗളൂരു പോലീസ്. സംസ്ഥാനത്ത് സമ്പൂർണ ബന്ദുണ്ടാകില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. ബന്ദിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കരുതെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നഗരത്തിലെ സമാധാനം, പൊതു ക്രമസമാധാനം, സാധാരണ നില എന്നിവ നിലനിർത്തുന്നതിന് ബെംഗളൂരു സിറ്റി പോലീസുമായി സഹകരിക്കണമെന്ന് സിംഗ് എല്ലാ സംഘടനകളോടും പൊതുജനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരെയാണ് ചില കന്നഡ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ പ്രധാനപ്പെട്ട ചില കന്നഡ അനുകൂല സംഘടനകൾ ബന്ദിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവീൺ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘടനയും കന്നഡ അനുകൂല നേതാവ് സാ.റാ. ഗോവിന്ദുവും ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ വാട്ടാൾ പാർട്ടി പ്രതിഷേധവുമായി മുന്നോട്ടുപോകും. ഇന്ന് രാവിലെ 11 മണിക്ക് ബെംഗളൂരു ടൗൺഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം.
ഇതോടെ നഗരത്തിൽ പൂർണമായ ജനജീവിത സ്തംഭനത്തിന് സാധ്യത കുറവാണെന്നാണ് പൊലീസ് വിലയിരുത്തൽ. സ്കൂളുകൾ, ഓഫീസുകൾ, കടകൾ, പൊതുഗതാഗതം എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് നിലവിലെ സാഹചര്യം. എന്നാൽ പ്രതിഷേധ മാർഗങ്ങളിലോ പ്രധാന കേന്ദ്രങ്ങളിലോ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കാം.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതിനാൽ ബന്ദിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
















