ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ വിറ്റ്ല പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ് ആണ് അറസ്റ്റിലായത്. വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസിനു വ്യാജ ഇന്ത്യൻ പാസ്പോർട്ട് തയ്യാറാക്കാന്‍ പ്രദീപ് സഹായിച്ചു എന്ന ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ശക്തി ദാസ് പാസ്പോർട്ടിന് നേരത്തെ അപേക്ഷിച്ചിരുന്നു. എന്നാല്‍ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. തുടര്‍ന്ന് ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. മിർസിയുടെ പേരിൽ വ്യാജ വെരിഫിക്കേഷൻ റിപ്പോർട്ട് ഉണ്ടാക്കി പ്രദീപ് പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കിയെന്നാണു പരാതി. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിൽ കുറ്റകൃത്യം തെളിയുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Constable arrested for helping Bangladeshi citizen obtain fake Indian passport














