ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ബംഗ്ലാദേശിലെ പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, അയൽരാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 36 വർഷത്തെ ബീഗം യുഗത്തിനുശേഷമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ എത്തുന്നത്. ജാതിയ സംഗദ് പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. താരിഖ് റഹ്മാൻ ഒപ്പം 49 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുത്തു.
13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. തന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാരിന്റെ കീഴിൽ ബംഗ്ലാദേശ് വിദേശ നയത്തിന്റെ കാര്യത്തിൽ അന്തസ്സ്, സ്വാതന്ത്ര്യം എന്നിവ വീണ്ടെടുത്തുവെന്ന് വിടവാങ്ങൽ കുറിപ്പിൽ ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.
SUMMARY: Decisive move in India-Bangladesh ties; Narendra Modi invites Tariq Rahman to India















