ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. സി.ആർ.പി.എഫ് ജവാന്മാർക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ പ്രധാനികളിലൊരാളാണ് ഇയാളെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. സംയുക്ത സേന നടത്തിയ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് ഭീകരനെ വധിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.
തുടർന്ന് തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഇയാള്‍ സമീപത്തെ മുസ്ലിം ആരാധനാലയത്തില്‍ അഭയം തേടി. ഇവിടെനിന്ന് പുറത്തുവന്ന് കീഴടങ്ങാൻ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ തയ്യാറായില്ല. ആയുധം താഴെവെച്ച് കീഴടങ്ങാനുള്ള നിർദേശം നിരസിച്ചതോടെയാണ് സേന വെടിയുതിർത്തത്. കീഴടങ്ങാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. ഏറ്റുമുട്ടലില്‍ ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു.
രണ്ട് ദിവസം മുമ്പ് കുല്‍ഗാമില്‍ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളും നേരിട്ട് നേതൃത്വം നല്കിയതും ലത്തീഫ് ഭട്ടാണെന്നാണ് സേനയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഇയാളുടെ ഒരു കൂട്ടാളിയെയും സുരക്ഷാസേന വധിച്ചിരുന്നു. ആക്രമണത്തിന് സഹായം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.
സംഭവത്തില്‍ സുരക്ഷാസേനയെ സി.ആർ.പി.എഫ് മേധാവി അഭിനന്ദിച്ചു. കൊടുംതണുപ്പിലും ചില കാര്യങ്ങള്‍ തണുപ്പോടെ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പരിഹാസരൂപത്തിലുള്ള പ്രതികരണമാണ് സി.ആർ.പി.എഫ് ഡി.ജി ജി.പി. സിംഗ് നടത്തിയത്. ‘ഓടാം, പക്ഷേ ഒളിക്കാനാവില്ല’ എന്നായിരുന്നു ജമ്മു കശ്മീർ പൊലീസിന്റെ പ്രതികരണം. മേഖലയില്‍ കൂടുതല്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടെ സുരക്ഷാ വിന്യാസവും ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Encounter with security forces in Kulgam; Lashkar commander Latif Bhat killed















