തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമെത്തിയാണ് ദിവ്യ കീഴടങ്ങിയത്. അതേസമയം നേരത്തെ കേസില്‍ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ജീവനക്കാര്‍ ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി.
ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ഇവരുടെ ക്യുആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും ക്യുആർ കോഡ് മാറ്റി 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ സ്ഥാപനത്തിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ ക്യുആര്‍ കോഡ് വഴിയുള്ള പണം തട്ടല്‍ പ്രതികള്‍ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്.
SUMMARY: Financial fraud case in Diya Krishna’s firm; Third accused surrenders