ബെംഗളൂരു: കർണാടകയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളജുകളിലും ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യമായി ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. വിദ്യാർഥിനികളുടെ ആർത്തവാരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.
വിദ്യാർഥിനികൾക്ക് ആവശ്യമായ സമയത്ത് നാപ്കിനുകൾ ലഭ്യമാക്കുന്നതിനായി സ്കൂളുകളിലും കോളജുകളിലും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. എന്നാൽ സാമ്പത്തികമോ സാങ്കേതികമോ ആയ കാരണങ്ങളാൽ ഉടൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ കഴിയാത്ത സ്ഥാപനങ്ങളിൽ നാപ്കിനുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കണം. ചുമതലപ്പെടുത്തിയ ജീവനക്കാരൻ മുഖേനയും വിതരണം നടത്താം.
വിദ്യാർഥിനികൾക്ക് സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം വിതരണം. ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനും സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.
സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കുലറിലെ നിർദേശങ്ങൾ പാലിക്കണം. നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കാരണം വിദ്യാർഥിനികൾക്ക് പഠനത്തിൽ തടസ്സമുണ്ടാകാതിരിക്കാനും സ്കൂളുകളിൽ ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
SUMMARY: Free sanitary napkins for girls from classes 6 to 12; Karnataka government issues strict directive.
















