റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലു മലയാളികളെ തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് (29) ഏറ്റവുമൊടുവില്‍ തിരിച്ചറിഞ്ഞത്. ഇനി ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമ അല്‍ വതന്‍ റോഡിലാണ് 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. 11 പേര് സംഭവ സ്ഥലത്തും ഗുരുതര പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. നേരത്തെ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്തന സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.
ഇവര്‍ക്ക് പുറമെ ആന്ധ്രാ സ്വദേശി വിനോദ് കുമാര്‍, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരുള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ആകെ 11 ഇന്ത്യക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. ഒരു ശ്രീലങ്കക്കാരനും ഒരു ഫിലിപ്പീന്‍സ് സ്വദേശിയും മരിച്ചിട്ടുണ്ട്.
വീസ പുതുക്കുന്നതിന്റെ നടപടികളുടെ ഭാഗമായി ഒമാനില്‍ പോയി വരികയായിരുന്ന ബസാണ് യന്ത്രത്തകരാര്‍ മൂലം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ദുരന്തമുണ്ടായത്. 11 പേര് സംഭവ സ്ഥലത്തും ഗുരുതര പരുക്കേറ്റ 2 പേര് പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
SUMMARY: Ras Al Khaimah accident: Four of the five deceased Malayalis identified
















