ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ മൂവ്മെന്റ് ഏരിയയിൽ (OMS) ഒരു ടാങ്കിന്റെ (FB7029 A) തകരാർ പരിശോധിക്കുന്നതിനിടെ ഹൈഡ്രജൻ സൾഫൈഡ് (H2S) വാതകം ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ദീപ് ചന്ദ്ര (33), കോഴിക്കോട് കക്കോടി സ്വദേശി ബിജ്‌ലി പ്രസാദ്(33) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗദഗ് സ്വദേശി വിനായക് മായഗേരി ആശുപത്രിയിൽ ചികിത്സയിലാണ്.
എംആർപിഎല്ലിലെ ഫയർ ആൻഡ് സേഫ്റ്റി ടീം ചോർച്ച പരിഹരിച്ചിട്ടുണ്ട്. സംഭവത്തില്‍ എംആർപിഎൽ ഉന്നതതല അന്വേഷണത്തിന് സമിതി രൂപീകരിച്ചു. മംഗളൂരു സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ സന്തോഷ് കുമാർ, മംഗളൂരു തഹസിൽദാർ പ്രശാന്ത് പാട്ടീൽ എന്നിവർ എംആർപിഎല്ലിനോട് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശിച്ചു. ജനുവരിയിൽ കർണാടകയിലെ കൊപ്പൽ ജില്ലയിലെ വ്യവസായ യൂണിറ്റിൽ സമാനമായ വിഷവാതക ചോർച്ചയിൽ ഒരു തൊഴിലാളി മരിച്ചിരുന്നു.
SUMMARY: Gas leak at Mangaluru MRPL; Two dead, including a Malayali