ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഡിഎംകെ ഐടി വിംഗ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. പിന്നാലെ എം.കെ സ്റ്റാലിനും മാധ്യമങ്ങളെ കണ്ട് നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്ന് സ്റ്റാലിനെ പിന്തിരിപ്പിക്കാനുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം ഇതോടെ പരാജയപ്പെട്ടു.
ബിജെപിക്ക് ആയുധമാകരുതെന്ന് കൂടിക്കാഴ്ചയില്‍ സ്റ്റാലിനോട് സോണിയ ഗാന്ധി പറഞ്ഞു. എന്നാല്‍, തീരുമാനം എടുത്ത് പോയെന്നും തമിഴ്നാടിന് സീറ്റില്‍ കുറവ് ഉണ്ടാകില്ലെന്നും സ്റ്റാലിന് പറഞ്ഞു. ചര്‍ച്ചക്ക് പിന്നാലെ ഇന്‍ഡ്യ സഖ്യ നേതാക്കള്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. രാത്രി എന്‍സിപി (എസ്പി) നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ ഡിഎംകെ എടുത്ത തീരുമാനം തമിഴ്നാടിന് ‘ശരിയാകുന്നത്’ എന്തുകൊണ്ടെന്ന് എക്സ് പോസ്റ്റില്‍ ഡിഎംകെ വിശദീകരിക്കുന്നു. മുമ്പ് ഡിഎംകെ എതിര്‍ത്തത് സീറ്റുകള്‍ 39-ല്‍ നിന്ന് 32 ആയി കുറയാനുള്ള സാഹചര്യം ഉള്ളത് കൊണ്ടായിരുന്നു.
പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ വിഹിതം 5.71% ആയി ചുരുങ്ങുന്ന സാഹചര്യമായിരുന്നു. 2027ലെ സെന്‍സസ് വരെ മാത്രമായിരുന്നു സംരക്ഷണമുണ്ടായിരുന്നത്. അതിന് ശേഷം സീറ്റുകള്‍ എളുപ്പത്തില്‍ കുറയാനുള്ള അപകടം നിലനിന്നിരുന്നു. എന്നാല്‍, തമിഴ്നാട്ടിലെ എംപി സീറ്റുകള്‍ കുറയാതെ 59 ആയി ഉയരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. തമിഴ്നാടിന്റെ വിഹിതം 7.23 ശതമാനം വരെയായി സംരക്ഷിക്കപ്പെടും. 25 വര്‍ഷത്തേക്ക് നമ്മുടെ സീറ്റുകളില്‍ മാറ്റം വരില്ല. ഈ ഉറപ്പുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.
SUMMARY: Constituency Delimitation Bill: INDIA Alliance’s meeting with Stalin proves unsuccessful















