തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും അധ്യാപകനും എഴുത്തുകാരനുമായ കൽപറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും. സെക്രട്ടറിയായി എം.പി സുരേന്ദ്രൻ. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും നിയമിച്ചു. നാടക-സാംസ്കാരിക രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹേമന്ത്കുമാർ വൈസ് ചെയർമാനാകും. സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യമായ എൻ. വി. പ്രദീപ്കുമാറാണ് പുതിയ സെക്രട്ടറി.
രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തിയാണ് കേരള ലളിതകലാ അക്കാദമിയുടെ പുതിയ ചെയർമാൻ. ചിത്രകലാ രംഗത്തെ പ്രമുഖനായ ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനായും, വൈക്കം എം. കെ. ഷിബു സെക്രട്ടറിയായും ചുമതലയേൽക്കും.
നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദി സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോൻ വൈസ് ചെയർമാനാകും.
നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSFDC) ചെയർമാനായും, സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫ് വൈസ് ചെയർമാനായും ചുമതലയേൽക്കും. പ്രേംകുമാർ മുൻപ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും വൈസ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.
കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ഇന്നലെ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്, ബി. രാകേഷ്, സജീവന് അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്.
SUMMARY: New leadership for cultural institutions in Kerala
















