ബെംഗളൂരു: ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) റേഷൻ കാർഡുകളുടെ വാർഷിക വരുമാന പരിധി 1.20 ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി കെ.എച്ച്. മുനിയപ്പ. സംസ്ഥാന ഗ്യാരണ്ടി സ്കീം ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ എച്ച്.എം. രേവണ്ണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപരിഷ്കാര കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. ഒരു കാർഡും റദ്ദാക്കില്ലെന്നും പകരം കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി യോഗ്യതയില്ലാത്ത ബിപിഎൽ കാർഡ് ഉടമകളെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള (എപിഎൽ) വിഭാഗത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വയോധികരുടെയും ദുർബലരായ ഗുണഭോക്താക്കളുടെയും വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്നതിനായി ‘അന്ന സുവിധ’ പദ്ധതിയും വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും അന്ന ഭാഗ്യ പദ്ധതി പ്രകാരം നിർദ്ദിഷ്ട ഇന്ദിര ഫുഡ് കിറ്റ് അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരിക്കൊപ്പം പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നിർദ്ദിഷ്ട കിറ്റിൽ അഞ്ച് കിലോ അരി, ഒരു കിലോ വീതം തുവര പരിപ്പ്, ചെറുപയർ, പഞ്ചസാര, ഉപ്പ്, ഒരു ലിറ്റർ പാചക എണ്ണ എന്നിവ ഉൾപ്പെടും.
അന്നഭാഗ്യ പദ്ധതി പ്രകാരം 4.42 കോടി ഗുണഭോക്താക്കൾക്ക് 10 കിലോ ഭക്ഷ്യധാന്യം നൽകുന്ന രീതി പരിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്ക് ഇപ്പോൾ 7 കിലോ അരിയും 3 കിലോ റാഗിയും ലഭിക്കുന്നു. ഇതിൽ 5 കിലോ അരി സംസ്ഥാന സർക്കാരാണ് നൽകുന്നത്, ബാക്കി വിഹിതം 2 കിലോ അരിയും 3 കിലോ റാഗിയും അടങ്ങുന്ന കേന്ദ്ര വിഹിതമാണെന്നും മന്ത്രി പറഞ്ഞു.
SUMMARY: Karnataka raises BPL card income limit to three lakhs
















