തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. കേരളത്തിൻ്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ താഴെയാണെന്നും കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നിലുള്ളത് വൻ ബാധ്യതയാണ്. ബജറ്റ് ആരംഭത്തില്‍ തന്നെ കിഫ്ബിയെ മുഖ്യമന്ത്രി വിമർശിച്ചു. കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും പഠിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗ്യാരണ്ടിയിലെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു.എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകള്‍ക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയല്‍ ഇന്റർനാഷണല്‍ ഫിലിം സിറ്റി കൊച്ചിയില്‍. പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. വിദ്യാർഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. 100 കോടി രൂപ വകയിരുത്തി.
വയോജന വകുപ്പിന്‍റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികള്‍ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടില്‍ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.
വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തില്‍ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. സംസ്ഥാനത്തെ പോർട്ട് ഹബായി മാറ്റും. മിഷൻ സമുദ്ര പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞം റിങ് റോഡ് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. കേരളത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിഴിഞ്ഞത്ത് കപ്പല്‍ നിർമാണ ശാല നിർമിക്കും. ഇൻവെസ്റ്റ് കേരളം സെല്‍ നിക്ഷേപങ്ങള്‍ക്കുള്ള തടസം ഇല്ലാതാക്കും ഭൂമി ഏറ്റെടുക്കലിലെ തടസങ്ങള്‍ മാറ്റും. വിമാനത്താവള വികസനത്തിനായി 200 കോടി. 4 വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്നും 250 രൂപയായി ഉയർത്തി.
ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തി. അടുത്ത 3 വർഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉല്‍പ്പാദനം 1 കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ കോര്‍ത്തിണക്കി ഒരു ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ലാന്‍ഡ് മാനേജ്‌മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കും. മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ഗ്രാമീണ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വർദ്ധിപ്പിക്കാനും കൂടുതല്‍ പേർക്ക് വേതനം ഉറപ്പാക്കാനും ഈ തുക വിനിയോഗിക്കും.
പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വലിയ തോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റും. പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍ / മാനേജ്-മെന്റര്‍ മാരുടെ സഹായം ഉറപ്പാക്കും.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സമര്‍പ്പിതവും ആസൂത്രിതവുമായ ഒരു സാമ്പത്തിക മേഖല, അനുമതികള്‍ക്കുള്ള സുഗമമായ നടപടിക്രമങ്ങള്‍, പദ്ധതി വേഗവും വിജയവും നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ നടപ്പാക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ കൂട്ടുകള്‍, കശുവണ്ടി, കയര്‍ എന്നിവയുടെ ബ്രാന്‍ഡിംഗും ഉറപ്പാക്കാന്‍ ‘ബ്രാന്‍ഡ് കേരളം’ ആരംഭിക്കും.
റെമിറ്റന്‍സ് ഇക്കോണമി എന്ന നിലയില്‍ നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കാന്‍ പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും. സ്വര്‍ണ്ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് സ്ഥാപിക്കും. വിവിധ പ്രദേശങ്ങളെ പരിസ്ഥിതി സൗഹൃദവുമായ ആഗോള മത്സരക്ഷമതയുള്ള നഗരങ്ങളാക്കി മാറ്റുന്നതിന് കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ രൂപീകരിക്കും.
SUMMARY: Kerala Budget 2026 with big announcements















