ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി 82-കാരനായ ബെംഗളൂരു സ്വദേശിയിൽ നിന്ന് 3 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ വിളിയിലൂടെയാണ് തട്ടിപ്പുകാരൻ വയോധികനെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് രേഖകളിൽ ചില അപാകതകളുണ്ടെന്നും, അത് പരിഹരിക്കാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് രേഖകൾ ശരിയാക്കുന്നതിനും പരിശോധനാ നടപടികൾ പൂർത്തിയാക്കുന്നതിനുമെന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനാണെന്ന് വിശ്വസിച്ച വയോധികൻ 3 ലക്ഷം കൈമാറിയതായാണ് പരാതി. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് ബെംഗളൂരു സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബാങ്ക് അക്കൗണ്ടുകൾ, ഫോൺ നമ്പറുകൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
സർക്കാർ സ്ഥാപനങ്ങളുടെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ പേരിൽ ഫോൺ ചെയ്ത് പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും, സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ ഉടൻ 1930 സൈബർ ഹെൽപ്‌ലൈൻ അല്ലെങ്കിൽ ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
SUMMARY: 82-year-old man falls victim to cyber fraud, swindles him of Rs 3 lakh by pretending to be an Election Commission official
















