ബെംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഹാജരാക്കി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് എട്ട് വർഷം മുമ്പ് പുറത്തിറങ്ങിയ ജീവപര്യന്തം തടവുകാരൻ ശങ്കർ എ. അരാധ്യ അറസ്റ്റിലായി. വ്യാജരേഖ തയ്യാറാക്കുന്നതിനും തടവുകാരനെ പുറത്തിറങ്ങാൻ സഹായിച്ചതിനും ഒരു ജയിൽ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
2001ൽ മോചനദ്രവ്യത്തിനായി ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ശങ്കർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ബെംഗളൂരുവിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 2004ൽ ശിക്ഷ വിധിച്ചത്. പിന്നീട് കർണാടക ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചില്ല.
എന്നാൽ 2018 നവംബർ 13ന്, സുപ്രീംകോടതി ശിക്ഷയിൽ ഇളവ് അനുവദിച്ചുവെന്ന് കാണിക്കുന്ന വ്യാജ ഉത്തരവ് ജയിലിൽ സമർപ്പിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. ഉത്തരവിൽ പറഞ്ഞിരുന്ന 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ ജയിൽ അധികൃതർ ഇയാളെ മോചിപ്പിച്ചു. അന്ന് രേഖകൾ യഥാർഥമാണെന്ന് അധികൃതർ കരുതുകയായിരുന്നു.
സംഭവം പുറത്തുവന്നത് വർഷങ്ങൾക്കുശേഷമാണ്. 2026ൽ ജയിൽ അധികൃതർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മോചനത്തിനായി ഉപയോഗിച്ച സുപ്രീംകോടതി ഉത്തരവിൽ സംശയം ഉയർന്നത്. തുടർന്ന് സുപ്രീംകോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ചപ്പോൾ അത്തരമൊരു ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജരേഖ തയ്യാറാക്കൽ, വ്യാജരേഖ യഥാർഥ രേഖയായി ഉപയോഗിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ജയിൽ ജീവനക്കാരുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വ്യാജ സുപ്രീംകോടതി ഉത്തരവ് എങ്ങനെ ജയിൽ അധികൃതരുടെ പരിശോധനകളെ മറികടന്നുവെന്നതാണ് അന്വേഷണത്തിലെ പ്രധാന ചോദ്യം. തടവുകാരന് പുറത്തുകടക്കാൻ സഹായിച്ച കൂടുതൽ പേരുണ്ടോയെന്നും രേഖകൾ തയ്യാറാക്കുന്നതിലും സമർപ്പിക്കുന്നതിലും ആരൊക്കെ പങ്കാളികളായിരുന്നുവെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവം കർണാടക ജയിൽ സംവിധാനത്തിലെ രേഖാ പരിശോധനയെയും മോചന നടപടികളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ഉത്തരവുകൾ കൃത്യമായി സ്ഥിരീകരിക്കാതെ തടവുകാരനെ മോചിപ്പിച്ചതെങ്ങനെ എന്നതും അന്വേഷണ വിധേയമാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും നടപടികൾക്കും സാധ്യതയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
SUMMARY: Life convict who escaped from prison using a fake Supreme Court order arrested.
















